ഇന്റർനെറ്റിലുള്ളതെല്ലാം കട്ടെടുക്കുന്നു, എല്ലാം ബാർഡിന് വേണ്ടി; ഗൂഗിളിനെതിരെ കേസ്
|വ്യക്തികൾ തമ്മിലുള്ള സംഭാഷങ്ങളുടെ ഡേറ്റയടക്കം ഉപയോക്താക്കളുടെ സമ്മതമില്ലാതെ മോഷ്ടിക്കുന്നുവെന്നാണ് ആരോപണം
ഗൂഗിളിനെതിരെ മോഷണപരാതി. തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് ബാർഡിനെ പരിശീലിപ്പിക്കുന്നതിനായി ഇന്റർനെറ്റിലുള്ളതെല്ലാം രഹസ്യമായി മോഷ്ടിച്ചുവെന്നാണ് കേസ്. ദശലക്ഷക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കളെയും പകർപ്പവകാശ ഉടമകളെയും പ്രതിനിധീകരിച്ച് എട്ട് വ്യക്തികൾ സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിലാണ് പരാതി സമർപ്പിച്ചത്.
ഇന്റർനെറ്റിൽ സൃഷ്ടിച്ചതും പങ്കിട്ടതുമായ എല്ലാം ഉപയോക്താക്കളുടെ സമ്മതമില്ലാതെ രഹസ്യമായി മോഷ്ടിച്ചുവെന്നാണ് പരാതി. വെബ്സൈറ്റുകളിൽ നിന്നുള്ള ഡാറ്റ ഗൂഗിൾ അനധികൃതമായി ചുരണ്ടിയെടുക്കുന്നത് അവരുടെ സ്വകാര്യതയുടെയും സ്വത്തവകാശത്തിന്റെയും ലംഘനമാണെന്ന് പരാതിയിൽ പറയുന്നതായി ഇൻഡിപെൻഡന്റിലെ റിപ്പോർട്ടിൽ പറയുന്നു.
എല്ലാ തരത്തിലുമുള്ള വ്യക്തിഗത ഡാറ്റ എഐ പരിശീലന പ്രക്രിയക്ക് നിർണായകമാണ്. ഇതിൽ വ്യക്തികൾ തമ്മിലുള്ള സംഭാഷങ്ങളുടെ ഡേറ്റ വളരെ പ്രധാനമാണ്. ഗൂഗിൾ അതിന്റെ എഐ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ക്രിയേറ്റിവ് ആയി ഉണ്ടാക്കിയതും കോപ്പിറൈറ്റഡ് വർക്കുകൾ പോലും എടുത്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
"ഇന്റർനെറ്റ് ഗൂഗിളിന് സ്വന്തമല്ല. ഞങ്ങൾ ക്രിയേറ്റിവായി ഉണ്ടാക്കുന്ന വർക്കുകൾക്ക് യാതൊരു ഉടമസ്ഥതയും ഗൂഗിളിനില്ല. നമ്മുടെ കഴിവുകൾ, പ്രകടനങ്ങൾ, കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ എന്നതടക്കം ഇന്റർനെറ്റിൽ പങ്കുവെക്കുന്നതൊന്നും ഗൂഗിളിന് സ്വന്തമല്ല.
എന്നാൽ, ഈ ആരോപണങ്ങൾ ഗൂഗിൾ തള്ളുകയാണ് ഉണ്ടായത്. 'എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ പൊതു ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയാണ് ഉപയോഗിക്കുന്നത്. ഓപ്പൺ വെബിലും പൊതു ഡാറ്റാസെറ്റുകളിലും നിന്നുള്ള വിവരങ്ങൾ - ഞങ്ങൾ ഉപയോഗിക്കുന്നുവെന്ന് വർഷങ്ങളായി കമ്പനി വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ പ്രയോജനകരമായ ഉപയോഗങ്ങൾ സൃഷ്ടിക്കുന്നതിന് പൊതുവിവരങ്ങൾ ഉപയോഗിക്കുന്നതിനെ അമേരിക്കൻ നിയമം പിന്തുണയ്ക്കുന്നുവെന്നും ഗൂഗിളിന്റെ ജനറൽ കൗൺസൽ ഹലിമ ഡെലെയ്ൻ പ്രാഡോയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറഞ്ഞു.
എഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിന് പൊതുവായി ലഭ്യമായ ഡാറ്റ ഉപയോഗിക്കാമെന്ന് പ്രസ്താവിച്ചുകൊണ്ട് കമ്പനി ഈ മാസം ആദ്യം അതിന്റെ ഓൺലൈൻ സ്വകാര്യതാ നയവും അപ്ഡേറ്റ് ചെയ്തിരുന്നു.
ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിള്‍ അവതരിപ്പിക്കുന്ന എഐ ചാറ്റ്ബോട്ടാണ് ബാർഡ്. കമ്പനി വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കിയായിരിക്കും ബാർഡിന്റെ പ്രവർത്തനം.