Tech
പിഴവ് കണ്ടെത്തിയാൽ പണം തരും;    ഞെട്ടിച്ച് ഗൂഗിളിന്റെ പാരിതോഷിക കണക്കുകൾ
Tech

'പിഴവ് കണ്ടെത്തിയാൽ പണം തരും'; 'ഞെട്ടിച്ച്' ഗൂഗിളിന്റെ പാരിതോഷിക കണക്കുകൾ

Web Desk
|
14 March 2024 1:44 PM GMT

ആൻഡ്രോയ്ഡിലെ പിഴവുകൾ കണ്ടെത്തിയാലും പാരിതോഷികം

സെക്യൂരിറ്റി ബഗ്ഗുകളും പിഴവുകളും കണ്ടെത്തുന്നതിന് ടെക് കമ്പനികളിൽ നിന്നും സാധാരണക്കാർക്ക് പാരിതോഷികം ലഭിച്ചെന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. ബഗ്ഗ് വേട്ടക്കാർ എന്നൊരു വിഭാഗം തന്നെ ഇത്തരത്തിൽ പാരിതോഷികനായി കമ്പനികളിലെ പിഴവുകൾ നിരീക്ഷിക്കാറുണ്ട്. സാധാരണക്കാർ മുതൽ ടെക് ജീനിയസുകൾ വരെ ഇതിൽ പെടും. ഇപ്പോഴിതാ ടെക് ഭീമനായ ഗൂഗിൾ 2023ൽ ബഗ്ഗ് വേട്ടക്കാർക്ക് നൽകിയ ആകെ പാരിതോഷിക തുക എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഗൂഗിളിന്റെ വ്യത്യസ്തമായ സേവനങ്ങളുടെ പിഴവുകൾ കണ്ടെത്തിയതിന് 68 രാജ്യങ്ങളിൽ നിന്നും 632 പേർക്കായി 10 മില്യൺ (83 കോടി രൂപ) ഡോളറാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.

''ഞങ്ങളുടെ പ്രോഗ്രാമുകളുമായുള്ള തുടർച്ചയായ സഹകരണത്തിന് എല്ലാ ഗവേഷകരോടും നന്ദി രേഖപ്പെടുത്തുന്നു, തുടർന്നും ഇത്തരം സേവനങ്ങൾ പ്രതീക്ഷിക്കുന്നു'', എന്നായിരുന്നു ഗൂഗിൾ തങ്ങളുടെ ബ്ലോഗിൽ കുറിച്ചത്.

632 പേർക്കും അവർ ചെയ്ത സേവനനത്തിനനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്. ഒരാൾക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക 113,337 (93,92,713 രൂപ) ഡോളറാണ്. എന്ത് ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാൾക്ക് മാത്രം ഇത്രയും തുക നൽകിയത് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡിലാണ് ഏറ്റവും കൂടുതൽ പിഴവുകൾ കണ്ടെത്തിയിട്ടുള്ളതും, ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും. 3.4 മില്യൺ (28 ലക്ഷം രൂപ) ഡോളറാണ് ആൻഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്ത തുക. 2.1 മില്യണുമായി തൊട്ടുപിന്നിൽ ക്രോമാണ്. വെയർ ഒ.എസ്, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ സോഫ്റ്റ്‌വെയറുകളാണ് പിന്നീടുള്ളത്.

ഗൂഗിളിന്റെ തന്നെ ഉപകരണങ്ങളായ ഗൂഗിൾ നെസ്റ്റ്, ഫിറ്റ്ബിറ്റ്, വാച്ചുകൾ എന്നിവയിലെ പിഴവുകൾ കണ്ടെത്തിയതിനും പാരിതോഷികം വിതരണം ചെയ്തിട്ടുണ്ട്.

എല്ലാ സേവനങ്ങളും പ്രവർത്തനങ്ങളും സുഖമമാക്കാൻ സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും നിരീക്ഷണം തങ്ങൾക്ക് അനിവാര്യമാണ്, ടെക്‌നോളജിയുടെ വളർച്ചക്കായി ഒത്തുചേർന്ന് മുന്നേറാമെന്നും ഗൂഗിൾ തങ്ങളുടെ ബ്ലോഗിൽ കുറിച്ചു.

Similar Posts