Tech
എട്ടു വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം
Tech

എട്ടു വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം

Web Desk
|
6 Feb 2022 1:31 PM GMT

ക്രോമിന്റെ മിതമായ മാറ്റം ഉപയോക്താക്കൾക്ക് ഒരുപക്ഷേ ആശയക്കുഴപ്പമുണ്ടാക്കില്ല

ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനർ പറഞ്ഞത്. പക്ഷേ, ലോഗോയിലെ മാറ്റം അത്ര പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല.

2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ൽ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. വൃത്താകൃതിയിലുള്ള, നാല്-വർണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈൻ. എന്നാൽ, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരുന്നത്. പുതിയ ലോഗോയ്ക്കും ചെറിയ മാറ്റങ്ങൾ മാത്രമാണ് കാണാൻ സാധിക്കുക. ലോഗോയിലെ നിറങ്ങൾക്ക് തിളക്കമുണ്ട്, മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമുണ്ട്, കൂടുതൽ നിഴലുകൾ ഇല്ല എന്നതുമാണ് മാറ്റങ്ങൾ.

ക്രോമിന്റെ മിതമായ മാറ്റം ഉപയോക്താക്കൾക്ക് ഒരുപക്ഷേ ആശയക്കുഴപ്പമുണ്ടാക്കില്ല. ഇതിനിടെ കമ്പനി ക്രോമിന്റെ കാനറി ടെസ്റ്റ് പതിപ്പിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ ഇതിന്റെ ഡവലപ്പർ, ബീറ്റാ, മറ്റുപതിപ്പുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനലിറ്റിക്സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടർ അനുസരിച്ച് വെബ് ഉപയോക്താക്കളിൽ 63 ശതമാനവും ക്രോം ആണ് ഉപയോഗിക്കുന്നത്.

Similar Posts