ഐഐടി പഠനം നിർത്തി യുഎസിലേക്ക് പോയ മലയാളി ഇന്ന് ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒ; സുന്ദർ പിച്ചൈയേക്കാൾ വരുമാനമുണ്ടാക്കുന്ന തോമസ് കുര്യൻ
|15,000 കോടി വരുമാനം നേടിയാണ് തോമസ് കുര്യൻ സുന്ദർ പിച്ചൈയെ മറികടന്നത്
ഐഐടി പഠനം നിർത്തി യുഎസിലേക്ക് പോയ മലയാളി ഇന്ന് 15,000 കോടി വരുമാനമുള്ള ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒ. മുൻ ഐഐടി വിദ്യാർഥിയായ തോമസ് കുര്യനാണ് ഐഐടി പഠനം പൂർത്തിയാക്കിയ ഗൂഗ്‌ളിന്റെ മാതൃ കമ്പനി ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയേക്കാൾ കൂടുതൽ വരുമാനം നേടുന്നത്. 1.17 ട്രില്യൺ വരുമാനമുള്ള കമ്പനിയെ നയിക്കുന്ന പിച്ചൈ 10215 കോടി രൂപ സമ്പാദിച്ച് 2022ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യക്കാരനായിരുന്നു. എന്നാൽ 15,000 കോടി വരുമാനവുമായി അദ്ദേഹത്തെയും മറികടന്നിരിക്കുകയാണ് പിസി കുര്യന്റെയും മോളിയുടെയും മകനായി 1966ൽ കേരളത്തിൽ ജനിച്ച തോമസ് കുര്യൻ. ഇരട്ട സഹോദരൻ ജോർജ് കുര്യനൊപ്പം ബംഗളൂരു ബോയ്‌സ് ഹൈസ്‌ക്കൂളിലാണ് തോമസ് പഠിച്ചത്. മദ്രാസ് ഐഐടിയിൽ പഠനം നടത്തവേ പ്രിൻസ്ടൺ സർവകലാശാലയിൽ അഡ്മിഷൻ നേടി യുഎസ്സിലേക്ക് പോയി. 16ാം വയസ്സിലായിരുന്നു ഈ മാറ്റം. തുടർന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് ഗ്രാഡ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടി.
മക്കിൻസി ആൻഡ് കമ്പനിയിലാണ് തോമസ് തന്റെ പ്രഫഷണൽ യാത്ര തുടങ്ങിയത്. ആറ് വർഷം വിജയകരമായി ജോലി ചെയ്ത ശേഷം ഒറാക്കിളിലേക്ക് മാറി. തുടർന്ന് 22 വർഷം സേവനം ചെയ്തു, 32 രാജ്യങ്ങളിലായി 35,000 പേരെ നയിച്ച് കോർപ്പറേറ്റ് ജീവിതത്തിൽ പടവുകൾ കയറി. 2018ൽ സഹസ്ഥാപകൻ ലാറി എല്ലിസനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒറാക്കിൾ വിട്ടിറങ്ങി. തുടർന്ന് ഗൂഗ്ൾ സിഇഒയായി. ഉപഭോക്തൃ സേവനത്തിൽ ഊന്നൽ നൽകി ഗൂഗ്ൾ ക്ലൗഡിന്റെ പ്രവർത്തനം അദ്ദേഹം മെച്ചപ്പെടുത്തി. ഗൂഗ്ൾ ക്ലൗഡ് സെയിൽസ്‌പേഴ്‌സൺമാരുടെ ശമ്പളം വർധിപ്പിച്ചത് അവരുടെ താൽപര്യം വർധിപ്പിച്ചു. 2018ൽ കമ്പനിയുടെ തലപ്പത്തെത്തി. തുടർന്നാണ് തോമസ് കുര്യൻ തന്റെ എതിരാളികളെ മറികടന്ന് മുന്നേറിയത്. തോമസിന്റെ സഹോദരൻ ജോർജ് 2015 മുതൽ നെറ്റ്ആപ്പ് സിഇഒയാണ്. ഇരുവരുടെയും അച്ഛൻ പിസി കുര്യൻ കെമിക്കൽ എൻജിനിയറായിരുന്നു.
Google Cloud CEO Thomas Kurian earns more than Sundar Pichai