Tech
20,000,000,000,000,000,000,000,000,000,000,000 ഡോളർ റഷ്യന്‍ പിഴ! ഗൂഗിൾ ഇതെങ്ങനെ അടച്ചുതീർക്കും!
Tech

20,000,000,000,000,000,000,000,000,000,000,000 ഡോളർ റഷ്യന്‍ പിഴ! ഗൂഗിൾ ഇതെങ്ങനെ അടച്ചുതീർക്കും!

Web Desk
|
1 Nov 2024 4:38 AM GMT

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്

മോസ്‌കോ: മില്യൻ, ബില്യൻ, ട്രില്യൻ എന്നെല്ലാം കേട്ടുപരിചയമില്ലാത്തവർ വിരളമായിരിക്കും. എന്നാൽ, ഡെസില്യൻ എന്നു കേട്ടിട്ടുണ്ടോ? ഗണിതശാസ്ത്രത്തിലെ വലിയൊരു എണ്ണൽസംഖ്യയാണത്. എണ്ണാൻ ഇത്തിരി കഷ്ടപ്പെടും. കൃത്യമായി പറഞ്ഞാൽ 1,000,000,000,000,000,000,000,000,000,000,000! കണക്ക് പഠിപ്പിക്കാനായി എടുത്തിട്ടതല്ല ഈ ഭീമൻസംഖ്യ. റഷ്യയിൽനിന്നു വരുന്നൊരു കൗതുകവാർത്ത പങ്കുവയ്ക്കുംമുൻപ് ഇത്തരമൊരു ധാരണ ആവശ്യമായതുകൊണ്ടുമാത്രം സൂചിപ്പിച്ചതാണ്.

റഷ്യൻ കോടതി ഗൂഗിളിന് ഇട്ട പിഴയാണ് ആ വാർത്ത. യൂട്യൂബിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നു കാണിച്ച് രണ്ട് അൺഡെസില്യൻ റൂബിൾസ് ആണ് കോടതി അമേരിക്കൻ ബഹുരാഷ്ട്ര ടെക് ഭീമന്മാർക്കു പിഴയിട്ടിരിക്കുന്നത്. ഡോളറിൽ ഇത് 20 ഡെസില്യൻ വരും. ഏകദേശം 20,000,000,000,000,000,000,000,000,000,000,000 ഡോളർ! എണ്ണി കഷ്ടപ്പെടേണ്ട! റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് തന്നെ പരാജയം സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്; തന്നെ കൊണ്ട് 'കൂട്ടിയാൽ കൂടില്ല' എന്ന്!

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്. ഏകദേശം രണ്ട് ട്രില്യൻ ഡോളർ ആണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. എന്നാൽ, ഭൂമുഖത്തെ മൊത്തം സ്വത്തും കൂട്ടിയാൽ പോലും ആ പിഴത്തുക അടച്ചുതീർക്കാനാകില്ലെന്നാണ് 'ബിബിസി' പറയുന്നത്. ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) കണക്കു പ്രകാരം 110 ട്രില്യൻ ഡോളർ ആണ് നിലവിലെ മൊത്തം ആഗോള സമ്പത്ത്. ഇതിന്റെ എത്രയോ മടങ്ങ് വരും ഗൂഗിളിന് റഷ്യൻ കോടതി ചുമത്തിയ പിഴത്തുക.

ഈ വിചിത്രകരമായൊരു നടപടിയിലേക്ക് കോടതിയെ നയിച്ചത് റഷ്യൻ മാധ്യമങ്ങളെ ഗൂഗിൾ കൂട്ടത്തോടെ നിയന്ത്രിക്കുന്നുവെന്നൊരു പരാതിയാണ്. 17 റഷ്യൻ ചാനലുകൾക്കാണ് യൂട്യൂബിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുകയോ ചെയ്തതായി പരാതിയുള്ളത്. 2020 തൊട്ടേ ഇത്തരം നിയന്ത്രണങ്ങളുണ്ടെങ്കിലും രണ്ടു വർഷം മുൻപ് യുക്രൈനിലെ റഷ്യൻ സൈനിക നടപടിയോടെ ഗൂഗിൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നാലെ നിരവധി യൂറോപ്യൻ കമ്പനികൾ റഷ്യയിൽനിന്നു പിൻവാങ്ങിയിരുന്നു. റഷ്യൻ മാധ്യമങ്ങൾ യൂറോപ്പിൽ വ്യാപകമായ നിരോധനവും നേരിട്ടു.

2022ൽ ഗൂഗിളിന്റെ റഷ്യൻ ഉപവിഭാഗം പാപ്പരായി പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ സാമ്പത്തിക സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ, ഗൂഗിൾ ഉൽപന്നങ്ങൾ പൂർണമായി പിൻവലിക്കുകയോ ഭരണകൂടം നിരോധനമേർപ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല.

2021 മേയിലാണ് റഷ്യൻ മാധ്യമ നിയന്ത്രണ സ്ഥാപനമായ റോസ്‌കോംനാഡ്‌സോർ ആദ്യമായി ഗൂഗിളിനെതിരെ രംഗത്തെത്തുന്നത്. ആർടി, സ്പുട്‌നിക് ഉൾപ്പെടെയുള്ള സർക്കാർ മാധ്യമങ്ങൾക്കും വാർത്താ ഏജൻസികൾക്കും ഗൂഗിൾ യൂട്യൂബിൽ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്തുണ നൽകുന്നുവെന്നും ആരോപണമുണ്ടായി. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങൾ തടയുന്ന കാര്യത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയിൽ റഷ്യ ഗൂഗിളിന് 21.1 ബില്യൻ ഡോളർ പിഴ ചുമത്തുകയും ചെയ്തു. ഒടുവിലിതാ റഷ്യൻ കോടതിയുടെ കണ്ണുതള്ളിപ്പോകുന്ന പിഴയും.

വിവിധ വിദേശ കോടതികളിലും ഗൂഗിളിനെതിരെ റഷ്യൻ മാധ്യമങ്ങൾ നിയമയുദ്ധം നടത്തുന്നുണ്ട്. റഷ്യൻ ചാനലുകളെ നിയന്ത്രിക്കുന്ന ഗൂഗിളിനെതിരെ നടപടി ആവശ്യപ്പെട്ട് തുർക്കി, ഹംഗറി, സ്‌പെയിൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കേസുകൾ നടക്കുകയാണ്. കഴിഞ്ഞ ജൂണിൽ ഒരു ദക്ഷിണാഫ്രിക്കൻ ഹൈക്കോടതി ഗൂഗിളിന്റെ സ്വത്തുവകകൾ ഭാഗികമായി കണ്ടുകെട്ടാനുള്ള നടപടികൾക്ക് അംഗീകാരവും നൽകിയിരുന്നു.

റഷ്യൻ കോടതിയുടെ പുതിയ ഉത്തരവിനെ പ്രതീകാത്മകമായ ശിക്ഷാനടപടിയെന്നാണ് ദിമിത്രി പെസ്‌കോവ് വിശേഷിപ്പിച്ചത്. പരാതി ഗൂഗിൾ ശ്രദ്ധിക്കണം. ഞങ്ങളുടെ ചാനലുകളെ അവരുടെ പ്ലാറ്റ്‌ഫോമിൽ വിലക്കുന്നത് നിർത്തണം. വിഷയം പരിഗണിച്ച് പരാതി പരിഹരിക്കാൻ ഈ നടപടി ഗൂഗിളിനു പ്രേരണയാകണമെന്നും പെസ്‌കോവ് 'എൻബിസി ന്യൂസി'നോട് പറഞ്ഞു. അതേസമയം, ഗൂഗിളിൽ ഇതുവരെ നടപടിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Summary: Google fined $2.5 decillion by Russian court, amount exceeds global GDP

Similar Posts