Tech
എന്നോടിത് വേണമായിരുന്നോ?  സ്റ്റാർ പെർഫോമർ അവാർഡിന് പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിൾ
Tech

'എന്നോടിത് വേണമായിരുന്നോ'? 'സ്റ്റാർ പെർഫോമർ' അവാർഡിന് പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിൾ

Web Desk
|
28 Feb 2023 2:16 AM GMT

'പിരിച്ചുവിട്ടതായി അറിയിക്കുന്ന മെയിൽ ലഭിച്ചപ്പോൾ എന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നുപോയെന്ന് തോന്നി'

ഹൈദരാബാദ്: ലോകത്തെമ്പാടുമുള്ള വൻകിട ടെക് സ്ഥാപനങ്ങൾ ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ട്വിറ്ററിനും ഫേസ്ബുക്കിന്റെ മാതൃസ്ഥാപനായ മെറ്റക്കുമൊക്കെ പിന്നാലെ ടെക് ഭീമനായ ഗൂഗിൾ ഇന്ത്യയിലെ വിവിധ വകുപ്പുകളിലായി 450 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ പുറന്നുവന്നിരുന്നു. അപ്രതീക്ഷിതമായാണ് പലർക്കും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. പെട്ടെന്നുള്ള പിരിച്ചുവിടലിന്റെ വിഷമങ്ങളും പ്രതിസന്ധികളും ഇതിനോടകം തന്നെ നിരവധി പേർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അത്തരത്തിലൊരു വേദനിപ്പിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് ഗൂഗിളിന്റെ ഡിജിറ്റൽ മീഡിയ സീനിയർ അസോസിയേറ്റ് ആയി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ ഹർഷ് വിജയവർഗിയ. കഴിഞ്ഞമാസത്തെ 'സ്റ്റാർ പെർഫോമർ' അവാർഡ് സമ്മാനിച്ചതിന് പിന്നാലെയാണ് തനിക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതെന്ന് യുവാവ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിൽ പറയുന്നു.

'ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിയിക്കുന്ന മെയിൽ ശനിയാഴ്ച ലഭിച്ചപ്പോൾ തന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നുപോയെന്ന് തോന്നി. ജീവനക്കാരുടെ പിരിച്ചുവിടൽ നേരത്തെ തന്നെ എന്നെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. എന്നും അഭിമാനിയായ ഒരു ഗൂഗ്ലർ ആയിരുന്നു, എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഒരു മാസത്തോളം ഞാൻ സ്റ്റാർ പെർഫോമറായിരുന്നിട്ടും എന്തിന് എന്നെ പിരിച്ചുവിട്ടു എന്നായിരുന്നു ആദ്യം എന്റെ മനസിൽ ഉയർന്ന ചോദ്യം..പക്ഷേ അതിന് ഒരു ഉത്തരവും ലഭിക്കില്ലെന്ന് എനിക്കറിയാം...'അദ്ദേഹം കുറിച്ചു.

പിരിച്ചുവിടൽ അവനെ എങ്ങനെ ബാധിച്ചുവെന്ന് യുവാവ് പങ്കുവെക്കുന്നുണ്ട്. 'രണ്ടുമാസമായി ശമ്പളം പകുതിയാണ് ലഭിക്കുന്നത്. എന്റെ സാമ്പത്തിക പദ്ധതികൾ പൂർണ്ണമായും തകർന്നു..പിരിച്ചുവിട്ടു എന്ന കാര്യം സ്വയം ബോധ്യപ്പെടുത്താൻ രണ്ട് ദിവസമെടുത്തു. എന്നാൽ അതിജീവനത്തിനായി പോരാടാൻ ഇപ്പോൾ ഞാൻ തയ്യാറായിക്കഴിഞ്ഞു ' .മികച്ച തൊഴിലവസരങ്ങൾ ഉണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഗൂഗിളിലെ ജോലിയുടെ അഞ്ചാം വാർഷിക ദിനം ആഘോഷിച്ചതിന് പിന്നാലെ പിരിച്ചുവിടൽ നോട്ടീസ് നൽകിയ കാര്യം ഗുരുഗ്രാം ആസ്ഥാനമായുള്ള ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം മാനേജരായ ആക്രിതി വാലിയയെ അടുത്തിടെ പങ്കുവെച്ചിരുന്നു. കമ്പ്യൂട്ടർ ആക്‌സസ് ചെയ്യാൻ സാധിക്കില്ല എന്ന സന്ദേശമായിരുന്നു ആദ്യം ലഭിച്ചതെന്നും താൻ തളർന്നുപോയെന്നും അവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Similar Posts