ഗൂഗിള്‍ മാപ്‌സില്‍ അജ്ഞാതന്റെ ശബ്ദം; അപകടത്തില്‍ പെടാതെ സൂക്ഷിക്കുക!
|മാപ്‌സിലെ ബഗുകള്‍ കാരണമുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കുന്നവരില്‍ ചെറിയൊരു ഭയമുണ്ടാക്കിയിരിക്കുന്നത്
നാവിഗേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്‌സ്. ലോകത്തിന്റെ പല മേഖലയിലുള്ളവരും അറിഞ്ഞും അറിയാതെയും ഗൂഗിള്‍ മാപ്‌സിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍, ഗൂഗിള്‍ മാപ്‌സിന്റെ ഒരു സാങ്കേതിക പ്രശ്‌നമാണ് നിലവില്‍ തലവേദനയായിരിക്കുന്നത്.
മാപ്‌സിലെ ബഗുകള്‍ കാരണമുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കുന്നവരില്‍ ചെറിയൊരു ഭയമുണ്ടാക്കിയിരിക്കുന്നത്. ലോകത്താകമാനം 100 കോടിയോളം പേര്‍ മാപ്‌സ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റുള്ള ഓണ്‍ലൈന്‍ സേവനങ്ങളില്‍ സംഭവിക്കുന്നതുപോലെ ഗൂഗിള്‍ മാപ്‌സിന്റെ ബഗുകളിലോ സോഫ്റ്റുവെയറിലോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നിലവില്‍ ഉപയോക്താക്കളെ ആശങ്കയിലാക്കാന്‍ കാരണം, ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് ദിശ പറഞ്ഞു തരുന്ന ശബ്ദം മാറിയിരിക്കുന്നു എന്നതാണ്. സ്ഥിരമായി ഉപയോഗിച്ചു വന്ന ഗൂഗിള്‍ മാപ്‌സ് ആപ്പില്‍ യാതൊരു മാറ്റവും വരുത്താതെയും പെട്ടെന്ന് ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഉച്ചാരണ രീതിയിലുള്ള ആരോ ദിശ വായിച്ചു കേള്‍പ്പിക്കുന്നതായി തോന്നുന്നു എന്നാണ് പലരും പറയുന്നത്. ഇടയ്ക്കിടെ അപരിചിതമായ ഒരു ശബ്ദം കയറിവന്നു നിര്‍ദേശം തരുന്നുണ്ടെന്നാണ് പല ആളുകളും പറയുന്നത്.
Am I the only one that has an East Indian voice intermittently jumping in for @GoogleMaps directions lately? #yegtraffic #canada
— Lincoln Ho | Yegventures 🇻🇦🇨🇦🇭🇰 (@yegventures) September 15, 2021
സ്ത്രീ ശബ്ദത്തില്‍ ഇതുവരെ നിര്‍ദേശം കിട്ടിയവര്‍ക്ക് പുരുഷശബ്ദത്തിലാണ് നിര്‍ദേശം ലഭിക്കുന്നത്. പുരുഷ ശബ്ദത്തിന് ഇന്ത്യന്‍ ചുവയുണ്ടെന്നും പല ഉപഭോക്താക്കള്‍ പറയുന്നു. അതേസമയം, പ്രശ്‌നം ഉടനടി പരിഹരിക്കുമെന്ന് ഗൂഗിള്‍ ട്വീറ്റ് ചെയ്തു.