Tech
ആഗോളതലത്തിൽ 12000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഗൂഗിൾ
Tech

ആഗോളതലത്തിൽ 12000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഗൂഗിൾ

Web Desk
|
20 Jan 2023 1:20 PM GMT

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് സുന്ദർ പിച്ചൈ

ആഗോളതലത്തിൽ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. യു.എസിലെ ഗൂഗിൾ ജീവനക്കാർക്ക് ഇതിനോടകം ഇ-മെയിൽ ലഭിച്ചിട്ടുണ്ട്. പിരിച്ചുവിടുന്നത് സംബന്ധിച്ച് മറ്റു രാജ്യങ്ങളിലുള്ള ജീവനക്കാരെ ഉടൻ അറിയിക്കും. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ നിക്ഷേപകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദമാണ് പിരിച്ചുവിടലിന് കാരണം. തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത് ആഗോളതലത്തിൽ കമ്പനിയിലുടനീളമുള്ള ജോലികളെ പ്രതികൂലമായി ബാധിക്കുമെന്നും ഈ തീരുമാനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ പറഞ്ഞു.

ഗൂഗിളിന്റെ ഏത് മേഖലയിലുള്ള തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ന്യായമായ ആനുകൂല്യങ്ങൾ കമ്പനി ഉറപ്പാക്കുമെന്നും സുന്ദർ പിച്ചൈ ഇ-മെയിലിലൂടെ അറിയിച്ചു. അർഹതയുള്ള തൊഴിലാളികൾക്ക് അവരുടെ കരാർ പ്രകാരം ബോണസും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും. മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെയും പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളി, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയ്ക്കിടയിൽ ഗൂഗിളിന്റെ പ്രവർത്തനം മോശമാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറാകുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ഒക്ടോബറിൽ കമ്പനിയുടെ ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറഞ്ഞ് 13.9 ബില്യൺ ഡോളറിലെത്തിയിരുന്നു. ഗൂഗിളിന്റെ ചിലവ് ചുരുക്കുമെന്ന് സുന്ദർ പിച്ചൈ നേരത്തെ വ്യക്തമാക്കിയതാണ്. 2022ന്റെ മധ്യത്തിൽ ഗൂഗിളിലെ നിയമനവും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ പകുതിയോളം ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി എച്ച്പി, അഡോബ്, സെയിൽസ്‌ഫോഴ്‌സ് തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാരും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ സാധിച്ചില്ലെങ്കിൽ ഗൂഗിളും മറ്റ് ടെക് ഭീമന്മാരും ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരും

Similar Posts