പ്രതികാരത്തോടെ മടങ്ങിവന്ന് ഹുവാവേ; ചൈനയിൽ മാർക്കറ്റിടിഞ്ഞ് ആപ്പിൾ
|ആപ്പിൾ ഫോണുകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
ഹുവാവേ സ്മാർട്ട് ഫോണുകളുടെ തിരിച്ചുവരവോടെ ചൈനയിൽ ഐഫോൺ വിൽപനയിൽ വൻ ഇടിവ്. ചൈനീസ് ഫോണുകൾ വാങ്ങുന്നതാണ് ദേശസ്നേഹം എന്ന ട്രെൻഡിങ് പ്രചരണത്തോടെ വൻതോതിൽ ഫോണുകൾ വിറ്റഴിക്കുകയാണ് തദ്ദേശീയ കമ്പനികൾ.
ചൈനീസ് വമ്പനായ ഹുവാവേയുടെ തിരിച്ചുവരവോടെ ട്രെൻഡിന് സ്വീകാര്യത കൂടിയിരിക്കുകയാണ്. ഹുവാവേയുടെ പുതിയ മോഡലായ മേറ്റ് 60 പ്രോ ആണ് നിലവിൽ ചൈനീസ് മാർക്കറ്റ് കീഴടക്കിയിരിക്കുന്നത്.
ബെയ്ജിങ്ങിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ നിരവധി അംഗങ്ങൾ ഐഫോണിനേക്കാൾ തങ്ങൾക്ക് പ്രിയം ചൈനീസ് ബ്രാൻഡുകളാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. സമ്മേളനത്തിൽ ആപ്പിൾ ഫോണുകളുടെ സുരക്ഷയേക്കുറിച്ചും വിവരങ്ങൾ ചോർത്താനുള്ള സാധ്യതയെക്കുറിച്ചും ചർച്ച നടന്നു.
ചൈനയിലെ ഉന്നത രാഷ്ട്രീയ ഉപദേശക സമിതിയിലെ അംഗമായ വാങ് ചുൻരു, ഹുവായ് ഉപകരണങ്ങളിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് വാചാലനായി.
മാർക്കറ്റിൽ ശക്തി ക്ഷയിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ആപ്പിളിപ്പോൾ. തദ്ദേശീയമായി വികസിപ്പിച്ച പ്രൊസസറുള്ള ഹുവാവേയുടെ മേറ്റ് 60 പ്രോ ആണ് ഐഫോൺ മോഡലുകൾക്ക് ഭീഷണിയാവുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കീഴിൽ ഹുവാവേയ്ക്കേർപ്പെടുത്തിയ ഉപരോധം കമ്പനിയെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. ഉപരോധത്തിന് പിന്നാലെ ഗൂഗിളും ഹുവാവേ ഉപേക്ഷിച്ചു. എന്നാൽ ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിയ്ക്കാൻ ശേഷിയുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാർമൊണി ഒ എസുമായാണ് ഹുവാവേയുടെ തിരിച്ചുവരവ്.
ഗവൺമെന്റ ഓഫീസുകളിൽ നിന്നും ഘട്ടം ഘട്ടമായി ഐഫോണുകൾ ഒഴിവാക്കി കുറഞ്ഞവിലയ്ക്ക് ഹുവാവേ ഫോണുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഗവൺമെന്റെ ഉദ്യോഗസ്ഥർക്ക് 20 ശതമാനം വിലക്കിഴിവിൽ ഹുവാവേ ഫോണുകൾ വാങ്ങാനുള്ള അവസരവുമുണ്ട്.
വിൽപനയിലും പ്രചാരത്തിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിച്ച ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ചൈനയിൽ ദീർഘകാലം ആപ്പിൾ നിലനിൽക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചു.