ശമ്പളം 17,500 കോടി; ടെക്ക് ലോകത്ത് ശ്രദ്ധേയനായി ഒരു ഇന്ത്യക്കാരൻ
|അമേരിക്കൻ ബാറ്ററി സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കാപിന്റെ സിഇഒയും ഇന്ത്യൻ വംശജനുമായ ജഗ്ദീപ് സിങ്ങാണ് ഇക്കൂട്ടത്തിൽ ഒടുവിലത്തെ ആൾ
ലോകത്തെ പല ടെക്ക് കമ്പനികളുടെ തലപ്പത്ത് നിർണായക സാന്നിധ്യമാണ് ഇന്ത്യൻ വംശജർ. ഈ കൂട്ടത്തിലേക്ക് ഒരു ഇന്ത്യക്കാരൻ കൂടി കടന്നുവരികയാണ്. അമേരിക്കൻ ബാറ്ററി സ്റ്റാർട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കാപിന്റെ സിഇഒയും ഇന്ത്യൻ വംശജനുമായ ജഗ്ദീപ് സിങ്ങാണ് ഇക്കൂട്ടത്തിൽ ഒടുവിലത്തെ ആൾ. 17,500 കോടി രൂപയാണ് ജഗദീപിന്റെ ശമ്പളം. ശതകോടീശ്വരനായ ഇലോൺ മസ്‌കിനോളം ശമ്പളമാണ് ജഗദീപ് സിങ്ങും വാങ്ങുന്നത്.
സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസും കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും ജഗ്ദീപ് കരസ്ഥമാക്കിയിട്ടുണ്ട്. ക്വാണ്ടംസ്‌കാപ്പിലേക്കെത്തുന്നതിന് മുമ്പ് എയർസോഫ്റ്റ്, ലൈറ്റെറ നെറ്റ്വർക്സ് തുടങ്ങി പല സ്റ്റാർട്ടപ്പുകളിലാണ് ജഗദീപ് പ്രവർത്തിച്ചിരുന്നത്.
കാലിഫോർണിയയിലെ സാൻജോസ് ആസ്ഥാനമായാണ് ക്വാണ്ടംസ്‌കോപ്പ് പ്രവർത്തിക്കുന്നത്. വൈദ്യുതി വാഹനങ്ങൾക്കുവേണ്ടിയുള്ള സോളിഡ് സ്റ്റേറ്റ് ലിത്തിയം മെറ്റൽ ബാറ്ററികളിലാണ് ക്വാണ്ടംസ്‌കോപ്പിന്റെ ഗവേഷണം. നാന്നൂറിലേറെ ജീവനക്കാരുള്ള കമ്പനിയ്ക്ക് മുൻനിരയിലുള്ള പല കമ്പനികളുടെയും പിന്തുണയുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ മൈലേജുള്ള ബാറ്ററികൾ നിർമ്മിക്കാനായാൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങൾക്ക് നിലനിൽപ്പുണ്ടാകുകയുള്ളു. അതുകൊണ്ട് തന്നെ ക്വാണ്ടംസ്‌കാപ് പോലുള്ള കമ്പനികൾ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെയ്ക്കുന്നത്.