ഇലോൺ മസ്ക്കിന്റെ 'എക്സ്'നെ വിലക്കി ഇന്തോനേഷ്യ
|അടുത്തിടെയാണ് ഇലോൺ മസ്ക് ട്വിറ്ററിനെ റീ ബ്രാൻഡ് ചെയ്ത് 'എക്സ്' ആയി അവതരിപ്പിച്ചത്
ഇലോൺ മസ്ക് ട്വിറ്ററിനെ റീ ബ്രാൻഡിങ്ങ് ചെയ്ത് 'എക്സ്' ആയി അവതരിപ്പിച്ചതിന് പിന്നാലെ ഇന്തോനേഷ്യയിൽ പ്ലാറ്റ്ഫോമിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. ഇന്തോനേഷ്യയിലെ അശ്ലീല ഉള്ളടക്കം ചൂതാട്ടം എന്നിവ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.
നേരത്തെ അശ്ലീലത ചൂതാട്ടം തുടങ്ങിയ നെഗറ്റീവ് കണ്ടന്റുകൾ നിർമിക്കുന്ന പ്ലാറ്റ്ഫോമുകൾ എക്സ് ഡോട്ട് കോം പോലുള്ള ഡൊമൈനുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം പ്ലാറ്റ്ഫോമുകൾ നിയമം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോമാറ്റിക്സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇതിനിടെ നിരോധനവുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യൻ അധികൃതരെ ട്വിറ്റർ അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്തോനേഷ്യക്കാർക്ക് ട്വിറ്റർ ഉപയോഗിക്കാൻ സാധിക്കില്ല. ട്വിറ്ററിന് ഇന്തോനേഷ്യയിൽ മാത്രം 24 മില്ല്യൺ ഉപയോക്താക്കളുണ്ട്.