Tech
ബന്ധുക്കൾക്കൊപ്പം പരേതനായ പിതാവും ചടങ്ങിൽ;   മെറ്റാവേഴ്സിൽ വിവാഹ സൽക്കാരം നടത്തി ദമ്പതികൾ
Tech

ബന്ധുക്കൾക്കൊപ്പം പരേതനായ പിതാവും ചടങ്ങിൽ; മെറ്റാവേഴ്സിൽ വിവാഹ സൽക്കാരം നടത്തി ദമ്പതികൾ

Web Desk
|
7 Feb 2022 12:48 PM GMT

ട്രെഡിവേഴ്‌സ് എന്ന സ്റ്റാർട്ടപ്പ് ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട പ്രയത്‌നങ്ങൾക്കൊടുവിലാണ് മെറ്റാവേഴ്‌സിലെ വിവാഹം സാധ്യമാക്കിയത്.

കോവിഡ് മനുഷ്യജീവിതത്തില്‍ അസാധാരണമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. സാമൂഹിക അകലവും മാസ്കും സാനിറ്റൈസറുമൊക്കെ നമ്മുടെ നിത്യ ജീവിതത്തില്‍ നിര്‍ണായക സ്ഥാനം കയ്യേറിയപ്പോള്‍ വിവാഹം മുതല്‍ വിദ്യാഭ്യാസ രീതിയില്‍വരെ സാരമായ വ്യത്യാസങ്ങള്‍ സംഭവിച്ചു. വിവാഹ സൽക്കാരത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഉൾപ്പെടുത്തി ചടങ്ങുകള്‍ നടത്താന്‍ ജനം പാടുപെടുകയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മെറ്റാവേഴ്സിൽ വിവാഹ സല്‍ക്കാരം നടത്തി ദമ്പതികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ദിനേശ് - ജനഗനന്ദിനി ദമ്പതികളാണ് ഏഷ്യയില്‍ തന്നെ ആദ്യമായി വെര്‍ച്വ‍ല്‍ വിവാഹ സല്‍ക്കാരം നടത്തിയത്. ഫെബ്രുവരി ആറിന് തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ ശിവലിംഗപുരത്തുവെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹ സല്‍ക്കാരം നടന്നത് മെറ്റാവേഴ്സില്‍. ഇതിലൂടെ ദമ്പതികളുടെ, ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചടങ്ങില്‍ പങ്കെടുക്കാനും കഴിഞ്ഞു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് തന്നെ.

3 ഡി വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള ഒരു വെർച്വൽ ലോകമാണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനും ഡിജിറ്റൽ അവതാറുകളായി പരസ്പരം ഇടപഴകാനും സാധിക്കും.

ദിനേശ് - ജനഗനന്ദിനി ദമ്പതികൾ വിവാഹ സൽക്കാരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവാഹ ചടങ്ങുകളില്‍ 100 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ എന്ന് വന്നപ്പോഴാണ് വിവാഹ സൽക്കാരം വെർച്വലായി മെറ്റാവേഴ്സിൽ നടത്താൻ തീരുമാനിച്ചതെന്ന് ഐ.ഐ.ടി മദ്രാസിൽ പ്രോജക്ട് അസോസിയേറ്റായ ദിനേശ് പറയുന്നു. ഒരു വർഷത്തോളമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വരികയാണെന്നും ദിനേശിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ട്രെഡിവേഴ്സ് എന്ന സ്റ്റാർട്ടപ്പ് ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട പ്രയത്നങ്ങൾക്കൊടുവിലാണ് മെറ്റാവേഴ്സിലെ വിവാഹം സാധ്യമാക്കിയത്. അതിഥികളുടെയും വധൂവരന്മാരുടെയും അവതാറുകൾക്ക് പുറമേ വധുവിന്‍റെ പരേതനായ പിതാവിന്‍റെ രൂപവും ഇതിലൂടെ സൃഷ്ടിച്ചു. ഹാരിപ്പോട്ടർ ആരാധകരായ ദമ്പതികള്‍ വിവാഹ സൽക്കാരത്തിന് ഹോഗ്വാർട്സ് പ്രമേയമാണ് തെരഞ്ഞെടുത്തത്.

Similar Posts