'ഡ്രൈവിങ് ലൈസൻസോ തിരിച്ചറിയൽ കാർഡോ നൽകേണ്ടി വരും'; പുതിയ മാറ്റവുമായി ഇൻസ്റ്റഗ്രാം
|ഇൻസ്റ്റഗ്രാമിലെ ഉള്ളടക്കത്തിൽ അക്രമദൃശ്യങ്ങൾ 86 ശതമാനം വർധിച്ചെന്ന് ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയിരുന്നു
ന്യൂയോർക്ക് : ഡ്രൈവിങ് ലൈസൻസ് പോലുള്ള തിരിച്ചറിയൽ കാർഡുകൾ അപ്ലോഡ് ചെയ്യാൻ ഇൻസ്റ്റഗ്രാം ഉടൻ യൂസർമാരോട് നിർദേശിക്കുമെന്ന് റിപ്പോർട്ട്. യൂസർമാർക്ക് തങ്ങളുടെ പ്രായം സ്ഥിരീകരിക്കാനെന്ന പേരിലാണ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുക. ഉടൻ നടപ്പാക്കുന്ന ഇക്കാര്യം ഇൻസ്റ്റഗ്രാം തന്നെയാണ് അറിയിച്ചത്.
നിങ്ങളുടെ പ്രൊഫൈലിലെ ജനന തീയതി എഡിറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഇത് തെളിയിക്കാൻ തിരിച്ചറിയൽ കാർഡുകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടും. ഐ.ഡി അപ്ലോഡ് ചെയ്യുക, അല്ലെങ്കിൽ വീഡിയോ സെൽഫി റെക്കോഡ് ചെയ്ത് അയക്കുക, അതുമല്ലെങ്കിൽ മ്യൂച്വൽ ഫ്രണ്ട്‌സിനോട് നിങ്ങളുടെ പ്രായം സ്ഥിരീകരിക്കാൻ ആവശ്യപ്പെടുക എന്നിങ്ങനെ ഓപ്ഷനുകളാണ് ലഭ്യമാകുക. പുതിയ ഓപ്ഷനുകൾ ആദ്യം അമേരിക്കയിലാകും പരീക്ഷിക്കുക. 'നിങ്ങളുടെ ഐ.ഡി ഞങ്ങളുടെ സെർവറുകളിൽ സുരക്ഷിതമായി സ്റ്റോർ ചെയ്യും. 30 ദിവസത്തിനകം ഇത് സ്വയം ഡിലീറ്റ് ചെയ്യപ്പെടും' -ഇൻസ്റ്റഗ്രാം പറയുന്നു.
അതേസമയം, ഇൻസ്റ്റഗ്രാമിലെ ഉള്ളടക്കത്തിൽ അക്രമദൃശ്യങ്ങൾ 86 ശതമാനം വർധിച്ചെന്ന് ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും മെറ്റ അവകാശപ്പെട്ടിരുന്നു.