Tech
facebook down
Tech

ഇത്തവണ വയറ് മാറ്റിക്കുത്തിയതല്ല, അംബാനിയുടെ പാര്‍ട്ടിക്ക് പോയി ഫിറ്റായതാ; ഫേസ്ബുക്ക് പണിമുടക്കിയതിനു പിന്നാലെ സക്കര്‍ബര്‍ഗിന് ട്രോള്‍

Web Desk
|
6 March 2024 2:36 AM GMT

പാസ്‍വേഡ് മാറിപ്പോയതാണോ ഇനി ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നിങ്ങനെയുള്ള പല വിധ സംശയങ്ങള്‍

കോഴിക്കോട്: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നേരത്തെക്ക് ലോകം തന്നെ സ്തംഭിച്ചുപോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പരക്കം പാഞ്ഞ ഒരു മണിക്കൂര്‍.. സോഷ്യല്‍മീഡിയ കുഞ്ഞുങ്ങള്‍ക്ക് ഇന്നലെ കാളരാത്രിയായിരുന്നു വേണം പറയാന്‍.. പാസ്‍വേഡ് മാറിപ്പോയതാണോ ഇനി ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നിങ്ങനെയുള്ള പല വിധ സംശയങ്ങള്‍, ഫോണിന്‍റെ തകരാറാണെന്ന് കരുതി ഫോണ്‍ പലവട്ടം സ്വിച്ചോഫ് ചെയ്തു നോക്കി...ഒടുവില്‍ പരിഭ്രാന്തി പരത്തി ഒരു മണിക്കൂറിന് ശേഷം ഫേസ്ബുക്ക് തിരിച്ചുവന്നപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. തിരിച്ചുവന്നതേ ഓര്‍മയുണ്ടായിരുന്നുള്ളൂ..തൊട്ടുപിന്നാലെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ട്രോളിയുള്ള പോസ്റ്റുകളുടെ വരവായി.


കഴിഞ്ഞ തവണ ഫേസ്ബുക്ക് നിലച്ചപ്പോള്‍ സക്കര്‍ബര്‍ഗ് വയറ് മാറ്റിക്കുത്തിയതാണെന്നായിരുന്നു ഉപയോക്താക്കളുടെ കണ്ടുപിടിത്തം. എന്നാല്‍ ഇത്തവണ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ചടങ്ങില്‍ പോയി അടിച്ചു ഫിറ്റായിയെന്നായിരുന്നു ട്രോള്‍. ആനന്ദിന്‍റെ പ്രീ വെഡ്ഡിംഗ് ചടങ്ങില്‍ സക്കര്‍ബര്‍ഗും ഭാര്യ പ്രസില്ലയും പങ്കെടുത്തിരുന്നു. പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്ന സക്കര്‍ബര്‍ഗിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. '' അംബാനീടെ ചെക്കന്‍റെ കല്യാണത്തിന് പോയി ഒള്ള കള്ളും വലിച്ചു കേറ്റി നീ ഫേസ്ബുക്ക് ഓഫാക്കി കളിക്കുന്നോടാ'' എന്നിങ്ങനെയായിരുന്നു ട്രോളുകള്‍. ചിലരാണെങ്കില്‍ ഇനി കാത്തിരുന്നിട്ട് കാര്യമില്ല നേരത്തെ ഉറങ്ങാം എന്ന മട്ടിലായിരുന്നു. ഫുള്‍ ടൈം സോഷ്യല്‍മീഡിയയിലായിരുന്ന യുവത്വം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇല്ലാത്ത ഒരു മണിക്കൂര്‍ എന്തെങ്കിലും ക്രിയാത്മകമായ കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചോ എന്നു പരിഹസിച്ചവരും ഉണ്ടായിരുന്നു. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഫേസ്ബുക്ക് വന്നതും പോയതും അറിയാത്താവരുമുണ്ടായിരുന്നു.


ഇന്നലെ രാത്രി 8.30ഓടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്.ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്​വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ലഭിച്ച മറുപടി. ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മെറ്റ വക്താവിന്‍റെ പ്രതികരണം. ‘ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ആളുകൾക്ക് പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ പ്രവർത്തിക്കുകയാണ്’ മെറ്റാ വക്താവ് ആൻഡി സ്റ്റോൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോള്‍ കുറച്ചുനേരത്തേക്ക് എക്സായിരുന്നു താരം. nstagramdown,facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി. എക്സിലും ട്രോളുകളുടെ ബഹളമായിരുന്നു.




Related Tags :
Similar Posts