നിരോധിത വസ്തുക്കളുടെ ഇടപാട്; സംഘ്പരിവാർ പോർട്ടൽ 'ഓപ്ഇന്ത്യ'യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി
|മണിക്കൂറുകൾക്കുശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്
ന്യൂഡൽഹി: സംഘ്പരിവാർ അനുകൂല വാർത്താ പോർട്ടൽ 'ഓപ്ഇന്ത്യ'യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി. സർക്കാർ നിരോധിച്ച ഉൽപന്നങ്ങളുടെ ഇടപാട് നടത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മണിക്കൂറുകൾക്കുശേഷം വിലക്ക് നീക്കുകയും ചെയ്തിട്ടുണ്ട്.
ഓപ്ഇന്ത്യ എഡിറ്റർ ഇൻ ചീഫ് നുപൂർ ശർമയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയ വിവരം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ബുദ്ധിശൂന്യമായ കാരണമാണ് കമ്പനി പറഞ്ഞിട്ടുള്ളതെന്നും തങ്ങൾ ഇഷ്ടപ്പെടാത്ത ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. അമിത് മാളവ്യയാണ് ഇത്തരം സസ്പെഷൻഷനുകൾക്കു പിന്നിലുള്ളതെന്നാണ് ഇടതുപക്ഷം എപ്പോഴും ആരോപിക്കാറുള്ളതെന്നും എക്സ് കുറിപ്പിൽ നുപൂർ ചൂണ്ടിക്കാട്ടി.
അക്കൗണ്ട് വിലക്ക് അറിയിച്ചുള്ള ഇൻസ്റ്റഗ്രാം നോട്ടിഫിക്കേഷനും നുപൂർ പുറത്തുവിട്ടിരുന്നു. സർക്കാർ നിരോധിച്ച സാധനങ്ങളുടെ വിൽപനയും കൈമാറ്റവും ഇടപാടുമാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. തോക്കുകളും സ്ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള ആയുധങ്ങളുടെയും മൃഗങ്ങളുടെയും മൃഗാവയവങ്ങളുടെയും ഇടപാടുമെല്ലാം ഉദാഹരണമായി പറയുന്നുണ്ട്. ലഹരി, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങളും കമ്പനി അനുവദിക്കില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇതിനെതിരെ വൻ വിമർശനവുമായി സംഘ്പരിവാർ പ്രൊഫൈലുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുശേഷം അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. തോക്ക്, ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളുമായി ബന്ധപ്പെട്ട കമ്പനി മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നു വ്യക്തമായതായാണ് ഇൻസ്റ്റഗ്രാം അറിയിച്ചത്.
Summary: Meta’s Instagram suspends Sangh Parivar web portal OpIndia’s account, reinstates later