ത്രെഡ്സിന്റെ ലോഞ്ചിന് മുന്നേ ആപ്പിന്റെ സ്വകാര്യത ചോദ്യം ചെയ്ത് ജാക്ക് ഡോർസി; പിന്തുണച്ച് മസ്ക്
|ത്രെഡ്സ് ആപ്പ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന ഡാറ്റാകളക്ഷൻ നോട്ടീസിന്റെ സ്ക്രീൻ ഷോട്ട് ജാക്ക് ഡോർസി ട്വിറ്ററിലൂടെ പങ്ക്വെച്ചു
ട്വിറ്ററിന് വെല്ലുവിളിയുഴർത്തി മെറ്റയുടെ ത്രെഡ്സ് നാളെ പുറത്തിറങ്ങാനിരിക്കെ ആപ്പ് ആവശ്യത്തിലധികം വിവരങ്ങൾ ചോർത്തുന്നുവെന്ന് ട്വിറ്റർ സ്ഥാപകരിലെരാളായ ജാക്ക് ഡോർസി ആരോപിച്ചു. ത്രെഡ്സ് ആപ്പ് ഉപയോക്താക്കളുടെ എന്തെല്ലാം വിവരങ്ങൾ ശേഖരിക്കുമെന്ന് വ്യക്തമാകുന്ന ഡാറ്റാകളക്ഷൻ നോട്ടീസിന്റെ സ്ക്രീൻ ഷോട്ട് ജാക്ക് ട്വിറ്ററിലൂടെ പങ്ക്വെച്ചു.
ആരോഗ്യവിവരങ്ങൾ, ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിന്റെ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ, കോൺടാക്റ്റ് വിവരങ്ങൾ, ലൊക്കേഷൻ, കോൺടാക്റ്റുകൾ, സെർച്ച് ഹിസ്റ്ററി, ഫോട്ടോ വീഡിയോ ഉൾപ്പടെയുള്ള യൂസർ കണ്ടന്റ്, ബ്രൗസിങ് ഹിസ്റ്ററി, ഐഡന്റി ഫയലുകൾ, ഡാറ്റാ യൂസേജ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.
നിങ്ങളുടെ ത്രെഡ്സ് എല്ലാം ഞങ്ങളുടേതാണ് എന്ന പരിഹാസ കുറിപ്പോടെയാണ് ജാക്ക് ഡോർസി സ്ക്രീൻഷോട്ട് പങ്കുവെച്ചത്. പിന്നാലെ ഇതിനെ പിന്തുണച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്ക് മറുപടി ട്വീറ്റുമായി രംഗത്തെത്തി. മെറ്റ മേധാവി സുക്കർബർഗും ട്വിറ്റര്‍ മേധാവി ഇലോൺ മസ്കും തമ്മിലുള്ള മത്സരത്തിലെ ഏറ്റവും പുതിയ നീക്കമാണ് മെറ്റയുടെ വരവ്
All your Threads are belong to us https://t.co/FfrIcUng5O pic.twitter.com/V7xbMOfINt
— jack (@jack) July 4, 2023
ഇതുവരെ പുറത്ത് വന്ന ചിത്രങ്ങളിൽ നിന്ന് ത്രെഡ്സിന് ട്വിറ്ററിന് സമാനമായ ഡാഷ് ബോർഡാണെന്നാണ് സൂചന. ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിന്ന് വിഭിന്നമായി എഴുത്തിന് പ്രാധാന്യം നൽകുന്ന ആപ്പായിരിക്കും ത്രെഡ്സ്.
ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയാകും ത്രെഡിന്റെ പ്രവർത്തനം. അത്കൊണ്ട് തന്നെ ഉപയോക്താവിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരെയും ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരെയും നേരിട്ട് ത്രെഡിലേക്ക് മാറ്റാനാകും. ഇത് ത്രെഡ്സിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ത്രെഡ്സ് ആപ്പ് സൗജന്യമായിരിക്കുമെന്നും ഉപയോക്താക്കൾക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷ.