1 ജിബിപിഎസ് വരെ വേഗത; ജിയോ ട്രൂ 5ജി പൂനെയിലും
|ജിയോ വെൽക്കം ഓഫർ ലഭ്യമാകുന്ന ഉപയോക്താക്കൾക്ക് നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല
രാജ്യമെമ്പാടും ജിയോ തരംഗം വ്യാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രധാന നഗരമായ പൂനെയിലും ജിയോ ട്രൂ 5ജി അവതരിപ്പിച്ച് കമ്പനി. ഇന്ന് മുതൽ ട്രൂ 5ജി ലഭ്യമാകുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. അൺലിമിറ്റഡ് 5G ഡാറ്റ 1 ജിഗാബിറ്റ്സ് (ജിബിപിഎസ്) വരെ ഇന്റർനെറ്റ് വേഗതയിൽ ലഭ്യമാകുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ ജിയോ അറിയിച്ചു.
ദസറയോടനുബന്ധിച്ച് തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ജിയോ 5ജി ആദ്യം അവതരിപ്പിച്ചത്. പിന്നീട് രാജസ്ഥാനിലെ നാഥ്ദ്വാരയിലും ജിയോ 5ജി എത്തി.
സ്റ്റാൻഡ്-എലോൺ 5ജി എന്ന സാങ്കേതികവിദ്യയെയാണ് 'ട്രൂ 5ജി' എന്ന പേരിൽ ജിയോ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച കവറേജ് ലഭിക്കുന്നതിനും അത്യാധുനിക ജിയോ അനുഭവിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജിയോ വെൽക്കം ഓഫർ ലഭ്യമാകുന്ന ഉപയോക്താക്കൾക്ക് നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല, ഇത് സ്വയമേവ തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും. '12 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി ലോഞ്ച് ചെയ്തതിന് ശേഷം, ധാരാളം ജിയോ ഉപയോക്താക്കൾ ജിയോ വെൽക്കം ഓഫറിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വേണ്ട സേവനങ്ങളും ഫീഡ്ബാക്കും നൽകാൻ ജിയോക്കും ഇത് സഹായകമാണ്.
വിദ്യാർത്ഥി ജനസംഖ്യക്ക് പേരുകേട്ട നഗരമാണ് പൂനെ. കൂടാതെ, ഒരു പ്രമുഖ ഐടി ഹബ്ബും ഇവിടെ സ്ഥിതിചെയ്യുന്നു. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമൊബൈൽ നിർമാണ ഹബ്ബുകളിലൊന്നായി അറിയപ്പെടുന്ന നഗരം കൂടിയാണ് പൂനെ. ജിയോ ട്രൂ 5ജി പൂനെ നിവാസികൾക്ക് ഒരു യഥാർത്ഥ ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.