വരിക്കാരിൽ നേട്ടമുണ്ടാക്കി ജിയോ; നഷ്ടക്കണക്കിൽ ഒന്നാമതായി വിഐ
|ബിഎസ്എൻഎല്ലിനും വിഐ എന്നറിയപ്പെടുന്ന വോഡഫോൺ ഐഡിയയ്ക്കും വരിക്കാരുടെ എണ്ണത്തിൽ വൻനഷ്ടമാണ് നേരിട്ടത്
ഡൽഹി: ഓഗസ്റ്റിൽ ജിയോയ്ക്ക് 32.81 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായി റിപ്പോർട്ടുകൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിയോയുടെ എതിരാളികളായ എയർടെലിന് 3.26 ലക്ഷം വരിക്കാരെ ലഭിച്ചിട്ടുണ്ട്. എന്നാൽ, ബിഎസ്എൻഎല്ലിനും വിഐ എന്നറിയപ്പെടുന്ന വോഡഫോൺ ഐഡിയയ്ക്കും വരിക്കാരുടെ എണ്ണത്തിൽ വൻനഷ്ടമാണ് നേരിട്ടത്.
വിഐയിൽ നിന്ന് 19.58 ലക്ഷം വരിക്കാരും ബിഎസ്എൻഎല്ലിൽ നിന്ന് 5.67 ലക്ഷം വരിക്കാരുമാണ് മറ്റു സർവീസുകളിലേക്ക് മാറിയിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 1,14.91 കോടിയായി വർധിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലെ 1,14.8 കോടിയായിരുന്നു.
0.09 ശതമാനമാണ് കൈവരിച്ചിരിക്കുന്ന പ്രതിമാസ വളർച്ചാ നിരക്ക്. ടെലികോം വിപണിയുടെ 36.48 ശതമാനം ഇപ്പോൾ ജിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 31.66 ശതമാനം വിഹിതം എയർടെല്ലും വിഐയ്ക്ക് വിപണി വിഹിതത്തിന്റെ 22.03 ശതമാനവും പിടിച്ചെടുക്കാനായി. നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ ഉള്ളത്. 9.58 ശതമാനം വിപണിയാണ് ബിഎസ്എൻഎൽ സ്വന്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 2.59 കോടിയായി. ജൂലൈ അവസാനത്തിൽ ഇത് 2.56 കോടി ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വയർലൈൻ സേവന ദാതാവാണ് ജിയോ എന്ന് ട്രായ് ഡേറ്റ സൂചിപ്പിക്കുന്നത്.