വളച്ചൊടിക്കാം... വലിച്ചുനീട്ടാം... പുതിയ ഡിസ്‌പ്ലേയുമായി എൽജി
|ഈ ടെക്നോളജി അതിന്റെ പൂർണതയിൽ എത്തിയാൽ പല സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാൻ സാധിക്കും
ഡിസ്‌പ്ലെ ടെക്‌നോളജിയിൽ വൻ മുന്നേറ്റം നടത്തി എൽജി. ലോകത്തിലെ ആദ്യത്തെ ഹൈ റെസലൂഷൻ സ്‌ട്രെക്ച്ചബിൾ ഡിസ്‌പ്ലെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മടക്കാനും വളച്ചൊടിക്കാനും കഴിയുന്ന രീതിയിലുള്ള ഈ ഡിസ്‌പ്ലെ വലിച്ച് നീട്ടാനും സാധിക്കും. നിലവിൽ 12 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഇത്. വലിച്ച് നീട്ടി ഡിസ്‌പ്ലെയുടെ വലിപ്പം 14 ഇഞ്ച് വരെ വർധിപ്പിക്കാൻ സാധിക്കുമെന്ന് എൽജി അവകാശപ്പെടുന്നു.
എൽജിയുടെ പുതിയ ഹൈ റെസലൂഷൻ സ്‌ട്രെച്ചബിൾ ഡിസ്‌പ്ലേ കോൺടാക്റ്റ് ലെൻസുകളിൽ ഉപയോഗിക്കുന്ന പ്രത്യേക സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു റിസിലന്റ് ഫിലിം-ടൈപ്പ് സബ്സ്ട്രേറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ടെക്നോളജി അതിന്റെ പൂർണതയിൽ എത്തിയാൽ പല സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാൻ സാധിക്കും. നിലവിലുള്ള ഫോൾഡബിൾ ഡിസ്‌പ്ലെകളെ വെല്ലുന്ന തരത്തിലുള്ള ഡിസ്‌പ്ലെയാണ് എൽജി അവതരിപ്പിച്ചിരിക്കുന്നത്.
ഫ്‌ളക്‌സിബിൾ എസ്-ഫോം സ്പ്രിങ് വയർഡ് സിസ്റ്റത്തിന്റെ ഒപ്റ്റിമൽ സ്ട്രക്ച്ചർ ഡിസ്‌പ്ലെയ്ക്ക് കൂടുതൽ ഈടും ഉറപ്പും നൽകുന്നുവെന്ന് എൽജി വ്യക്തമാക്കി. എൽജിയുടെ പുതിയ ഡിസ്‌പ്ലെ സ്‌കിൻ വെയേഴ്‌സ്, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഓട്ടോമൊബൈൽസ്, എയർക്രാഫ്റ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് എൽജി അവകാശപ്പെടുന്നു. ഭാരം കുറഞ്ഞ ഡിസൈൻ ഉള്ളതിനാൽ ഈ ഡിസ്‌പ്ലെ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന സ്ട്രെച്ചബിൾ ടെക്നോളജി ഡിവൈസുകൾ നിർമ്മിക്കാൻ സഹായിക്കും.
കൊറിയൻ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ മത്സരക്ഷമത വർധിപ്പിക്കാനായി ഈ പ്രോജക്റ്റ് തങ്ങൾ വിജയകരമായി പൂർത്തിയാക്കുമെന്നും പുതിയ ചുവടുമാറ്റത്തിന് നേതൃത്വം നൽകുമെന്നും എൽജി ഡിസ്‌പ്ലേയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിടിഒയുമായ സൂ-യംഗ് യൂൻ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. നിലവിൽ എൽജിയുടെ പുതിയ ഡിസ്‌പ്ലെ സാങ്കേതികവിദ്യ പ്രദർശിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാണിജ്യാടിസ്ഥാനത്തിൽ ഡിവൈസുകളിൽ ഒന്നും തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടില്ല.