വായ്പാ തട്ടിപ്പ്; 17 ലോൺ ആപ്പുകൾ നീക്കം ചെയത് ഗൂഗിൾ
|അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ചെയ്യുകയാണ് ഇത്തരം ആപ്പുകൾ
വ്യാജ ആൻഡ്രോയിഡ് വായ്പാ ആപ്പുകൾ നീക്കം ചെയത് ഗൂഗിൾ. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 17 ആപ്പുകളാണ് ഗൂഗിൾ നീക്കം ചെയ്തത്. ഗൂഗിൾ പ്ലേയിൽ ഈ ആപ്പുകൾക്ക് 12 മില്ല്യണിലധികം ഡൗൺലോഡുകളുണ്ട്.
ഇത്തരത്തിലുള്ള ആപ്പുകൾ നിയമാനുസൃതമായ വായ്പാദാതാക്കളിൽ ഉപയോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
വധ ഭീഷണി മുഴക്കിപ്പോലും ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. കൂടാതെ ദുർബലരായ വ്യക്തികളെ മുതലെടുത്ത് വായ്പകൾക്ക് അമിതമായ പലിശ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ പ്രധാനമായും മെക്‌സിക്കോ, ഇന്തോനേഷ്യ, തായലൻഡ്, വിയറ്റ്‌നാം, ഇന്ത്യ, പാക്കിസ്താൻ, കൊളംബിയ, പെറു, ഫിലിപ്പീൻസ്, ഈജിപ്ത്, കെനിയ, നൈജീരിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഇത്തരം ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താവിന്റെ ഡിവൈസിലുള്ള സൈൻസിറ്റീവ് ഡാറ്റകൾ ആക്സ്സ് ചെയ്യാനുള്ള അനുമതികൾ നൽകേണ്ടതായിട്ടുണ്ട്. ഈ ആപ്പുകളുടെ പ്രൈവസി പോളിസി അനുസരിച്ച് ഈ അനുമതികൾ നൽകിയില്ലെങ്കിൽ വായ്പാ നൽകില്ല. മാത്രമല്ല ലോൺ അപേക്ഷാ പൂർത്തിയാക്കുന്നതിന് വിപുലമായ വ്യക്തിഗത വിവരങ്ങൾ നൽകാനും ഉപയോക്താക്കൾ നിർബന്ധിതരാകുന്നുണ്ട്. 2020 മുതലാണ് ഇത്തരം വ്യാജ ലോൺ ആപ്പുകൾ രംഗത്തുവന്നത്.