ഇതെന്തു പേരാണ് സാറേ...; പേരുമാറ്റത്തില്‍ സക്കര്‍ബര്‍ഗിന്‍റെ പേജില്‍ പരിഭവവുമായി മലയാളികള്‍
|വ്യാഴാഴ്ചയാണ് ഫേസ്ബുക്ക് കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത്
ഫേസ്ബുക്ക് കമ്പനി അവരുടെ ഔദ്യോഗിക പേരു മെറ്റ എന്നാക്കി മാറ്റിയത് മലയാളിക്ക് അത്ര പിടിച്ചിട്ടില്ല. ഈ ചെറിയൊരു പേരിനു വേണ്ടിയാണോ ഇത്രയും ദിവസം സസ്പെന്‍സ് ആക്കിയതെന്നാണ് മലയാളികളുടെ ചോദ്യം. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പേജില്‍ പരാതിയും പരിഭവവുമായി എത്തിയിരിക്കുകയാണ് മലയാളികള്‍.
ഇനി പ്രീമിയം അടക്കണം എന്നൊക്കെ പറയാനാണ് ഉദ്ദേശമെങ്കിൽ ബാക്കി അപ്പൊ കാണിച്ചു തരാം സുക്കൂ, ഇനി പോസ്റ്റ് ഉണ്ടാക്കാൻ 'മെറ്റ'ൽ മാത്രം മതി. കമ്പിയും സിമന്‍റും മണലും വേണ്ട, ഈ പേരിനാണോ ഇത്ര ആലോചിച്ചത്..എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
വ്യാഴാഴ്ചയാണ് ഫേസ്ബുക്ക് കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത്. കമ്പനിയുടെ പേരു മാറ്റിയെങ്കിലും ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകള്‍ അതേപേരില്‍ തന്നെ തുടരും. ഈയിടെയായി ഫേസ്ബുക്ക് നിരന്തരം വിവാദത്തില്‍ പെട്ടിരുന്നു. ഫേസ്ബുക്ക്,വാട്ട്സാപ്പ് സേവനങ്ങള്‍ ഏഴുമണിക്കൂറോളം നിലച്ചതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അതിനിടെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള പ്ലാറ്റ് ഫോമുകള്‍ വിദ്വേഷം വളര്‍ത്തുകയും കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമാക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്തെത്തുകയും ചെയ്തു. ഇത്തരം ആരോപണങ്ങളില്‍ നിന്നുമേറ്റ ക്ഷീണം തീര്‍ക്കുന്നതിനു വേണ്ടിയാണ് ഈ പേരുമാറ്റമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.