ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടെന്ന് കള്ളം പറഞ്ഞ യുവാവിനെ മസ്ക് ട്വിറ്ററിലെടുത്തു
|ഡാനിയൽ ഫ്രാൻസിസ് എന്ന യുവാവിന് ഇലോണ്‍ മസ്ക് ട്വിറ്ററില്‍ നിയമനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്
തന്നെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയെന്ന് കള്ളം പറഞ്ഞ യുവാവിന് ഇലോണ്‍ മസ്ക് ട്വിറ്ററില്‍ ജോലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഡാനിയൽ ഫ്രാൻസിസ് എന്ന യുവാവിന് മസ്ക് ട്വിറ്ററില്‍ നിയമനം നല്‍കിയെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.
രാഹുൽ ലിഗ്മ എന്നയാളെയും തന്നെയും ട്വിറ്ററിൽ നിന്ന് പുറത്താക്കിയെന്നാണ് ഡാനിയൽ ഫ്രാൻസിസ് വ്യാജപ്രചാരണം നടത്തിയത്. ട്വിറ്ററിലെ എഞ്ചിനീയർമാരാണെന്നും തങ്ങളെ പിരിച്ചുവിട്ടെന്നുമാണ് അവകാശപ്പെട്ടത്. അവർ ഒരിക്കലും ട്വിറ്ററിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. പൊതുവെ കമ്പനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്ക് അതേ കമ്പനിയില്‍ ജോലി ലഭിക്കാറില്ല. എന്നാല്‍ മസ്കിന്റെ ചിന്തകള്‍ പലപ്പോഴും വ്യത്യസ്തമാണ്. വ്യാജപ്രചാരണം നടത്തിയ രണ്ടു പേരില്‍ ഒരാളായ ഡാനിയല്‍ ഫ്രാന്‍സിസിന് മസ്ക് ട്വിറ്ററില്‍ ജോലി നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ട്വിറ്ററിൽ സോഫ്റ്റ്വെയർ ഡെവലപ്പറായാണ് ഡാനിയലിന്റെ നിയമനം. മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ 3500ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേറെ ചില ജീവനക്കാരാകട്ടെ സ്വന്തം ഇഷ്ടപ്രകാരം രാജിവച്ചു. മസ്കിന്റെ പല നീക്കങ്ങളോടും യോജിക്കാന്‍ കഴിയാതെയായിരുന്നു കൂട്ടരാജി.
ട്വിറ്ററിന്റെ വെരിഫിക്കേഷൻ പ്രോഗ്രാം ഡിസംബർ 2ന് പുനരാരംഭിക്കുമെന്ന് മസ്ക് അറിയിച്ചു. ഇത്തവണ വിവിധ അക്കൗണ്ടുകൾക്ക് വ്യത്യസ്ത നിറങ്ങളിൽ ചെക്ക് മാർക്കുകൾ നല്‍കും. കമ്പനികൾക്ക് സ്വർണ നിറത്തിലുള്ള ചെക്ക് മാർക്ക് ലഭിക്കുമെന്ന് മസ്ക് വെളിപ്പെടുത്തി. സർക്കാരുകൾക്ക് ചാര നിറത്തിലും സെലിബ്രിറ്റികൾക്ക് നീല നിറത്തിലും ടിക്ക് ലഭിക്കും.