മലയാളിക്കും വേണം, തമിഴനും വേണം; മെറ്റ ത്രഡ്‌സിന്റെ ലോഗോയിൽ 'അടിപിടി'
|ട്വിറ്ററിന് ലക്ഷണമൊത്ത എതിരാളിയാകും ത്രഡ്‌സ് എന്നാണ് വിദഗ്ധർ പറയുന്നത്
മെറ്റയുടെ ടെക്‌സ്റ്റ് ബേസ്ഡ് ആപ്ലിക്കേഷനായ ത്രഡ്‌സിന് ഇന്റർനെറ്റിൽ വരവേൽപ്പ്. അവതരിപ്പിച്ച് മണിക്കൂറുകൾക്കകം അഞ്ചു ദശലക്ഷം ഉപയോക്താക്കൾ ത്രഡ്‌സിൽ അക്കൗണ്ട് ആരംഭിച്ചതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമുമായി ചേർന്നു പ്രവർത്തിക്കുന്ന ത്രഡ്‌സ് ട്വിറ്ററിന് വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിൽ ആപ്പിൾ ആപ് സ്റ്റോറിൽനിന്നും ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നും ത്രഡ്‌സ് ഡൗൺലോഡ് ചെയ്യാം. Threads, an Instagram app എന്നാണ് ആപ്-പ്ലേ സ്റ്റോറിൽ സെർച്ച ചെയ്യേണ്ടത്. ആപ് ഡൗൺലോഡ് ആയാൽ ലോഗിൻ വിത്ത് ഇൻസ്റ്റഗ്രാം എന്ന ബട്ടൺ വരും. ഇൻസ്റ്റഗ്രാമിന്റെ യൂസർ നെയിമും പാസ്‌വേഡും നൽകിയാൽ അക്കൗണ്ട് റെഡി. ലോഗ് ചെയ്ത ശേഷം വിവരങ്ങൾ ഇൻസ്റ്റയിൽനിന്ന് എടുക്കാനുള്ള സൗകര്യമുണ്ട്. മാന്വലായി ഉണ്ടാക്കുകയും ചെയ്യാം.
ചർച്ചയായി ലോഗോ
ആപ്ലിക്കേഷന് ഒപ്പം ത്രഡ്സിന്‍റെ ലോഗോയും ഇന്ത്യയിൽ ചർച്ചയായി. ലോഗോയ്ക്ക് മലയാളം യുണീകോഡ് ലിപിയിലെ 'ത്ര'യോടും 'ക്ര'യോടും ഏറെ സാമ്യമുണ്ട് എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. മലയാളി മാത്രമല്ല, തമിഴനും ലോഗോയുടെ 'അവകാശവാദം' ഉന്നയിച്ചു. തമിഴിലെ കു പോലെയുണ്ട് ലോഗോ എന്നാണ് തമിഴർ പറയുന്നത്.
ലോഗോയ്ക്ക് ഒരു ജിലേബിയുടെ ഛായയുണ്ടെന്ന് പറഞ്ഞ് അത്തരത്തിലൊരു ഒരു കഥയുണ്ടാക്കിയവരും ഏറെ. ഹരിയാനയിലെ സോനിപതിൽ നിന്നുള്ള മുന്ന സിങ് എന്നയാളാണ് മെറ്റയുടെ ആഗോള ഡിസൈൻ മത്സരത്തിൽ ജയിച്ചതെന്നും അയാൾ ജിലേബി സ്‌പെഷ്യലിസ്റ്റാണ് എന്നുമാണ് കഥ.
ട്വിറ്ററിന് എതിരാളി
മൈക്രോ ബ്ലോഗിങ്ങിൽ ഏറെക്കാലമായി രാജാവായി വിലസുന്ന ട്വിറ്ററിന് ലക്ഷണമൊത്ത എതിരാളിയാകും ത്രഡ്‌സ് എന്നാണ് ഐടി വിദഗ്ധർ പറയുന്നത്. ഇൻസ്റ്റഗ്രാമിന്റെ നിലവിലുള്ള ഡാറ്റാ ബാങ്ക് ത്രഡ്‌സിന് സഹായകരമാകും എന്നതു തന്നെ അതിനുള്ള പ്രധാന കാരണം. ഡാറ്റ ഗാതറിങ് വെബ്‌സൈറ്റായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം ലോകത്തുടനീളം 1.21 ബില്യൺ സജീവ ഉപയോക്താക്കളാണ് ഇൻസ്റ്റഗ്രാമിനുള്ളത്.
ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷമുള്ള ആശയക്കുഴപ്പങ്ങളും നേട്ടമാക്കാൻ മെറ്റ ആലോചിക്കുന്നുവെന്ന് വ്യക്തം. ആൽഗോരിതം, ഉള്ളടക്ക നയം, വൈരിഫൈഡ് ടാഗ് തുടങ്ങിയവയിൽ നിരവധി വിവാദ മാറ്റങ്ങളാണ് ട്വിറ്റർ ഈയിടെ കൊണ്ടുവന്നിരുന്നത്.
മെറ്റയിൽ 500 വാക്കുകളാണ് പരിധി. ട്വിറ്ററിൽ അൺവെരിഫൈഡ് യൂസർക്ക് അത് 280 വാക്കാണ്. ലിങ്ക്, ഫോട്ടോസ്, അഞ്ചു മിനിറ്റ് വീഡിയോ എന്നിവയും ത്രഡിൽ സാധ്യമാണെന്ന് മെറ്റയെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു.