Tech
Meta to launch Twitter rival by end of June, twitter rival, Instagram, Twitter, Meta, Barcelona
Tech

ബാഴ്‌സലോണ: ട്വിറ്ററിന് മെറ്റയുടെ 'ചെക്ക്'; പുതിയ പോരാളി ഉടൻ കളത്തില്‍

Web Desk
|
2 Jun 2023 3:29 PM GMT

ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് മെറ്റയുടെ പുതിയ ആപ്പിലുമുള്ളതെന്നാണ് ടെക് വാർത്താ പോർട്ടലുകള്‍ റിപ്പോർട്ട് ചെയ്യുന്നത്

ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലായി മെറ്റ അവതരിപ്പിക്കുന്ന പുതിയ മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷൻ ഉടൻ പുറത്തെത്തും. ബാഴ്‌സലോണ, പ്രൊജക്ട് 92 എന്നീ രഹസ്യനാമങ്ങളിൽ അറിയപ്പെടുന്ന ആപ്ലിക്കേഷൻ ഈ മാസം അവസാനത്തിൽ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് മെറ്റയുടെ ആപ്പിലുമുള്ളതെന്നാണ് ടെക് വാർത്താ പോർട്ടലായ 'ദി വെർജ്' റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ ആപ്പിന്റെ ഐക്കൺ എന്ന പേരിൽ ഒരു ലോഗോയും പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിനു സമാനമായ കളർകോഡാണ് ഇതിനുമുള്ളത്. ഒരു പോസ്റ്റിൽ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരിധി 500 ആകും. വാർത്താ ലിങ്കുകൾക്കു പുറമെ വിഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാൻ സാധിക്കും.

മെറ്റയുടെ 'ട്വിറ്റർ' വേർഷൻ എന്ന രീതിയിലാണ് പുതിയ ആപ്ലിക്കേഷൻ പരിചയപ്പെടുത്തപ്പെടുന്നത്. ഫേസ്ബുക്കിനു സമാനമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി കണക്ടറായിരിക്കും ഇതും. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാകും ആപ്പെന്നും പുറത്തുവരുന്ന ഫീച്ചറുകളിൽ പറയുന്നു. എന്നാൽ, ഏറെക്കുറെ മെറ്റയുടെ മറ്റ് ആപ്പുകൾക്കു സമാനമായ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ തന്നെയായിരിക്കും ഇതിനും ഉണ്ടായിരിക്കുകയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്ററിൽ നടക്കുന്ന പുതിയ മാറ്റങ്ങൾക്കിടെയാണ് വെല്ലുവിളിയുമായി മെറ്റ എത്തുന്നത്. മസ്‌കിന്റെ ഇടപെടലിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ ട്വിറ്റർ വിട്ടിട്ടുണ്ട്. മസ്‌കിന്റെ രാഷ്ട്രീയ സമീപനത്തിനു പുറമെ ആപ്പിന്റെ സേവനങ്ങൾ പലതവണ തടസപ്പെട്ടതും സാങ്കേതികമായ പ്രശ്‌നങ്ങളുമെല്ലാം ഉപയോക്താക്കളെ ട്വിറ്ററിൽനിന്ന് മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

Summary: Meta may launch micro-blogging site to rival Twitter, by end of June

Similar Posts