Tech
Microsoft, lay offമൈക്രോസോഫ്റ്റ് കമ്പനി
Tech

മൈക്രോസോഫ്റ്റും തൊഴിലാളികളെ പിരിച്ചുവിടുന്നു: ആയിരക്കണക്കിന് ജീവനക്കാർ പുറത്തേക്ക്‌

Web Desk
|
18 Jan 2023 11:05 AM GMT

സാമ്പത്തിക മാന്ദ്യവും ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞതുമൊക്കെയാണ് പിരിച്ചുവിടലിലേക്ക് കമ്പനികളെ പ്രേരിപ്പിക്കുന്നത്

വാഷിങ്ടൺ: ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇന്ന് (ബുധനാഴ്ച) മാത്രം ഏകദേശം ആയിരത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്ന് സ്‌കൈ ന്യൂസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തൊഴിലാളികളുടെ അഞ്ച് ശതമാനം അതായത് ഏകദേശം പതിനൊന്നായിരത്തോളം തൊഴിലാളികളുടെ ജോലി വരും ദിവസങ്ങളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എച്ച്.ആർ, എഞ്ചിനിയറിങ് വിഭാഗത്തിൽ നിന്നാണ് തൊഴിലാളികളെ കമ്പനി പിരിച്ചുവിടുന്നത്. ഇന്ന് ജോലി നഷ്ടമായവരിൽ ആയിരം പേരും ഈ വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ്. ഇതോടെ അമേരിക്കൻ ടെക്‌നോളജി മേഖലയിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്ന കമ്പനികളുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്റ്റും എത്തി. നേരത്തെ മെറ്റ, ആമസോൺ എന്നീ കമ്പനികളും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ആഗോളസാമ്പത്തിക മാന്ദ്യവും ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞതുമൊക്കെയാണ് പിരിച്ചുവിടലിലേക്ക് കമ്പനികളെ പ്രേരിപ്പിക്കുന്നത്. ലോകത്താകമാനമായി ഏകേദശം രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് മൈക്രോസോഫ്റ്റിനുള്ളത്. ഇതിൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തിനടുത്ത് തൊഴിലാളികളുണ്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസ്യുറിന് വിപണിയിൽ നിന്നും മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇത് കമ്പനിയെ കാര്യമായിട്ട് തന്നെ ബാധിച്ചിരുന്നു. തൊഴിലാളികൾക്കിടയിൽ കാര്യമായ സമ്മർദം ചെലുത്തുകയും ചെയ്തു.

ഇതിന്റെ ഭാഗായി കഴിഞ്ഞ ജൂലൈയിൽ തന്നെ ഏതാനും പേർക്ക് ജോലി നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നത്. അതേസമയം സോഫ്റ്റുവെയർ ഭീമന്മാരായ മൈക്രോസോഫ്റ്റിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നതോടെ മറ്റു കമ്പനികളും ഇതെ വഴിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Related Tags :
Similar Posts