ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ദശലക്ഷക്കണക്കിന് മൊബൈൽ നമ്പറുകൾ ഡാർക് വെബിൽ വിൽപ്പനയ്ക്ക്
|വിഷയത്തില്‍ ആപ്ലിക്കേഷൻ അധികൃതർ പ്രതികരിച്ചിട്ടില്ല
ന്യൂഡൽഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ ഡാർക് വെബിൽ വിൽപ്പനയ്ക്ക്. ദശലക്ഷക്കണക്കിന് നമ്പറുകൾ വിൽപ്പനയ്ക്ക് വച്ചു എന്നാണ് സൈബർ സുരക്ഷാ വിദഗ്ധനായ ജിതൻ ജെയ്ൻ ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോൺടാക്ട് പട്ടികയിൽ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വിൽപ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസിൽ ഇതുവരെ ലോഗിൻ ചെയ്തിട്ടില്ലെങ്കിലും നമ്പർ പുറത്തുപോകാൻ സാധ്യതയുണ്ട്.
സംഭവത്തിൽ ആപ്ലിക്കേഷൻ അധികൃതർ പ്രതികരിച്ചിട്ടില്ല. പേരുകളില്ലാതെ നമ്പറുകൾ മാത്രമാണ് വിൽപ്പനയ്ക്ക് വച്ചതെന്ന് സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രജഹാരിയ വെളിപ്പെടുത്തി. പേരോ, ചിത്രമോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. ഡാറ്റ ചോർന്നതായുള്ള അവകാശ വാദം വ്യാജമാണെന്നാണ് തോന്നിയത്- അദ്ദേഹം പറഞ്ഞു.
A database of 3.8 billion phone numbers of #Clubhouse users is up for sale on the #Darknet. It also contains Numbers of people in user's PhoneBooks that were Synced. So Chances are high that you are listed even if you haven't had a Clubhouse login. #DataPrivacy pic.twitter.com/IFgFGA8meU
— Jiten Jain (@jiten_jain) July 24, 2021
ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാറിന് കമ്പനി ചോർത്തി നൽകുന്നുണ്ടെന്ന് ഫെബ്രുവരിയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ ആരോപിച്ചിരുന്നു. ക്ലബ് ഹൗസ് ആപ്പിന്റെ ബാക്കെൻഡ് അടിസ്ഥാന സൗകര്യം ചെയ്യുന്നത് ഷാങ്ഹായ് ആസ്ഥാനമായ അഗോറയാണ് എന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു.
ഇതുവരെ ബീറ്റ വേർഷനായി പ്രവർത്തിച്ചിരുന്ന ക്ലബ് ഹൗസ് ഈയിടെയാണ് എല്ലാവർക്കും ലഭ്യമായത്. വെയ്റ്റ്‌ലിസ്റ്റ് സംവിധാനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിരുന്നു. മെയ് മധ്യത്തിൽ ആൻഡ്രോയിഡിൽ അവതരിപ്പിച്ച ക്ലബ് ഹൗസിന് ഇന്ത്യയിൽ അഞ്ചു ദശലക്ഷം ഉപയോക്താക്കൾ ഉണ്ട് എന്നാണ് കണക്ക്. ഇതിൽ രണ്ടു ദശലക്ഷത്തിലേറെ പേർ സജീവ ഉപയോക്താക്കളാണ്.
എന്താണ് ഡാർക് വെബ്
വേൾഡ് വൈഡ് വെബിന്റെ ഇരുണ്ട മേഖലയാണ് ഡാർക് വെബ്. ചില പ്രത്യേക സോഫ്റ്റ്‌വെയർ വഴി മാത്രമേ ഇന്റർനെറ്റിലെ ഈ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഉപഭോക്താവിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ, സ്വകാര്യ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വഴി ഡാർക് വെബിൽ ആശയവിനിമയം സാധ്യമാണ്.
ഇന്റർനെറ്റിൽ സാധാരണ ബ്രൗസ് ചെയ്താൽ ഉപരിതല വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. എന്നാൽ ഡാർക് വെബ് അങ്ങനെയല്ല. ആയുധവ്യാപാരം, ലഹരിക്കടത്ത്, കള്ളനോട്ട്, അവയവദാനം, അശ്ലീലം, ഭീകരത തുടങ്ങി മാഫിയയുടെ വൻലോകം തന്നെ അതിന് അകത്തുണ്ട്. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസിയാണ് ഇരുണ്ട വെബിലെ നാണയങ്ങൾ.
സിൽക്ക് റോഡ്, ഡിയാബോലസ് മാർക്കറ്റ് തുടങ്ങിയവയായിരുന്നു ഡാർക് വെബിലെ പ്രധാനപ്പെട്ട മാർക്കറ്റുകൾ. ഇവ അടച്ചുപൂട്ടിയ ശേഷം പുതിയ വിപണികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2020ൽ 38 ഡാർക് വെബ് മാർക്കറ്റ് പ്ലേസുകൾ ഉണ്ട് എന്നാണ് കണക്ക്.