Mobile
5ജി സ്പെക്ട്രം ലേലം; സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ വേണ്ടെന്ന് ടെലികോം കമ്പനികള്‍
Mobile

5ജി സ്പെക്ട്രം ലേലം; സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ വേണ്ടെന്ന് ടെലികോം കമ്പനികള്‍

Web Desk
|
6 April 2022 4:15 PM GMT

ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ- ഐഡിയ എന്നീ ടെലികോം കമ്പനികൾ. 5ജി ലേലം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ട്രായി റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് ടെലികോം കമ്പനികളുടെ നീക്കം.

സ്വകാര്യ കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കുന്നത് ടെലികോം സേവനദാതാക്കളുടെ വരുമാനം കുറക്കുന്നതുകൊണ്ടാണ് കമ്പനികൾ രംഗത്ത് വരുന്നത്. നിലവിൽ എയർടെല്ലിന്റെ വരുമാനത്തിൽ 20 ശതമാനവും വരുന്നത് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങളിലൂടെയാണ്. 5ജി എത്തുന്നതോടെ ഈ മേഖലയിൽ നിന്നുള്ള ടെലികോം സേവനദാതാക്കളുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി ലേലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചാൽ നിലവിൽ ഇന്റർനെറ്റിനായും മറ്റും ജിയോ, എയർടെൽ തുടങ്ങിയവയെ ആശ്രയിക്കുന്ന കമ്പനികൾക്ക് സ്വന്തമായി വൈഫൈ, ഡാറ്റാ നിലവിൽ നെറ്റ്‌വർക്ക് സ്ഥാപിക്കാനാവും. പുറമേയ്ക്കുള്ള ആശയ വിനിമയങ്ങൾക്ക് മാത്രം ടെലികോം നെറ്റ്‌വർക്കുകളെ ആശ്രയിച്ചാൽ മതിയാവും. അതേ സമയം സ്വകാര്യ നെറ്റ്‌വർക്കുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

രാജ്യത്ത് 5ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികൾ, അസോസിയേഷനുകൾ എന്നിവരിൽനിന്ന് ട്രായ് നേരിട്ടു പ്രതികരണം തേടിയിരുന്നു. ട്രായിയുടെ അന്തിമ ശുപാർശ അനുസരിച്ചായിരിക്കും ടെലികോം വകുപ്പ് ഏപ്രിൽ–മേയ് മാസങ്ങളിൽ സ്പെക്ട്രം ലേലത്തിലേക്കു കടക്കുകയെന്ന് ട്രായ് ചെയർമാൻ പി.ഡി വഖേല പറഞ്ഞു. നേരത്തെ സ്പെക്ട്രം ലേലത്തിന്റെ അടിസ്ഥാനവില ഉൾപ്പെടെയുള്ള വിഷയങ്ങളിലും ചർച്ച നടന്നിരുന്നു. ട്രായ് ടെലികോം വകുപ്പിന് അന്തിമ റിപ്പോർട്ട് നൽകുന്നതനുസരിച്ചായിരിക്കും ലേലം. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി–മാർച്ച് കാലയളവിൽ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ട്രായിയുടെ സങ്കീർണമായ നടപടിക്രമങ്ങൾ നീണ്ടു.

അതേസമയം, സ്‌പെക്ട്രം ലേലം കഴിഞ്ഞാലുടൻ 5ജി സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എയർടെൽ. സ്‌പെക്ട്രം ലേലം കഴിഞ്ഞാൽ 2 - 3 മാസത്തിനുള്ളിൽ തന്നെ എയർടെലിന്റെ ഉപഭോക്താക്കൾക്ക് 5ജി നെറ്റ്വർക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും. തുടക്കം മുതൽ പ്രവർത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയർടെലിന്റെ ശ്രമം. റിലയൻസ് ജിയോ ഈ രംഗത്ത് ഭാരതി എയർടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

Similar Posts