Mobile
വരുമോ ആ ഫീച്ചർ:  ഐഫോൺ 14ലെ അത്ഭുതങ്ങൾ തീരുന്നില്ല...
Mobile

വരുമോ 'ആ ഫീച്ചർ': ഐഫോൺ 14ലെ അത്ഭുതങ്ങൾ തീരുന്നില്ല...

Web Desk
|
28 Aug 2022 1:10 PM GMT

ക്യാമറയിലും ബാറ്ററി ലൈഫിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായൊരു ഫീച്ചർ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ന്യൂയോർക്ക്: സെപ്തംബർ ഏഴിലേക്ക് കാതോർത്തിരിക്കുകയാണ് ടെക് ലോകം. ഐഫോണിന്റെ പുതിയ വേരിയന്റുകൾ അന്നാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. എന്തൊക്കെയാകും തങ്ങളുടെ പുതിയ മോഡലുകളിൽ ഐഫോൺ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. വാർത്തകൾ പലതും പരക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സെപ്തംബർ ഏഴിലെ അതിനെക്കുറിച്ച് വ്യക്തമാകൂ.

ക്യാമറയിലും ബാറ്ററി ലൈഫിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. സെല്‍ഫിക്യാമറ അമ്പരപ്പിച്ചിക്കാം. അതേസമയം ഏറ്റവും ശ്രദ്ധേയമായൊരു ഫീച്ചർ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. സാറ്റലൈറ്റ് കണക്ടീവിറ്റിയാകും ആ ഫീച്ചർ. ഐഫോൺ 13ൽ ഈ ഫീച്ചറുണ്ടാകുമെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും അവതരിപ്പിച്ചിരുന്നില്ല. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഐഫോൺ 14യിൽ സാറ്റലൈറ്റ് കണക്ടീവിറ്റി സൗകര്യം ഉണ്ടാകുമെന്നാണ്. നെറ്റുവർക്ക് കവറേജ് ഇല്ലാത്ത സ്ഥലങ്ങളിലും സന്ദർഭങ്ങളിലും സാറ്റലൈറ്റിലൂടെ കണക്ട് ചെയ്യാനാകും.

ടെക്സ്റ്റ് സന്ദേശങ്ങൾ ഇതിലൂടെ അയക്കാം. മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.അമേരിക്കൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായി ഗ്ലോബൽ സ്റ്റാറുമായി കൈകോർത്താണ് ആപ്പിൾ സാറ്റലൈറ്റ് സേവനത്തിനൊരുങ്ങുന്നതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ഏറെ നേരം ഉപയോഗിച്ചുകഴിഞ്ഞാൽ ഫോൺ ചൂടാകുന്നു എന്നത് ആപ്പിൾ ഉപയോക്താക്കൾ നിരന്തരം പരാതി പറയുന്നതാണ്. എന്നാൽ പുതിയ മോഡലിൽ വാപർ തെർമൽ സിസ്റ്റമാണ് ആപ്പിൾ പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് മൂലം ചൂട് കുറക്കാനാകും.

മറ്റു കമ്പനികൾ നേരത്തെ തന്നെ ഈ സംവിധാനം അവരുടെ മുന്തിയ മോഡലുകളിൽ പരീക്ഷിച്ചിട്ടുണ്ട്. ജോലിഭാരം കൂടുമ്പോൾ ഫോണിനെ കൂളാക്കാൻ ഈ ടെക്‌നോളജി ഉപകാരപ്പെടും. 2ടിബി സ്റ്റോറേജ് ഓപ്ഷനും ഐഫോൺ 14ൽ ഉണ്ടാകും. ഐഫോൺ 14ന്റെ ബേസിക് മോഡലിൽ ഒരുപക്ഷേ ഈ ഓപ്ഷൻ ലഭിക്കില്ല. വൈഫൈയുടെ ഏറ്റവും പതിയ വൈഫൈ 6ഇയും പുതിയ മോഡലിൽ ഉണ്ടാകും. ആപ്പിൾ പുറത്തിറക്കിയിരിക്കുന്ന ഉപകരണങ്ങളിൽ ഇതുവരെ പ്രയോജനപ്പെടുത്തിയിരിക്കുന്നത് വൈഫൈ 6 വരെയാണ്. പുതിയ മോഡലുകളുടെ പ്രത്യേകതകൾ ഇങ്ങനെ നീളുകയാണ്.

ഫാർഔട്ട് എന്നാണ് ആപ്പിള്‍ സെപ്തംബര്‍ ഏഴിലെ ചടങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്നുമാത്രമെ എന്താല്ലാം അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചൂവെന്ന് കമ്പനി പുറത്തുവിടൂ...

Related Tags :
Similar Posts