ഡിസൈൻ മാറുന്നു, ആപ്പിൾ 16 സീരീസിൽ അഞ്ച് മോഡലുകളോ? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ...
|സെപ്തംബറിലാണ് ആപ്പിൾ തങ്ങളുടെ പുതിയ ഡിവൈസുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാറ്.
ന്യൂഡല്‍ഹി: എല്ലാവർഷവും ഐഫോണിന്റെ പുതിയ മോഡലിനായുള്ള കാത്തിരിപ്പിലാണ് ആപ്പിൾ പ്രേമികൾ. സെപ്തംബറിലാണ് ആപ്പിൾ തങ്ങളുടെ പുതിയ ഡിവൈസുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാറ്. അതിന് മുമ്പെ പുതിയ മോഡലിനെപ്പറ്റിയുള്ള വാർത്തകൾ പ്രചരിച്ച് തുടങ്ങും. ഇതിനും ആവശ്യക്കാർ ഏറെയാണ്.
പഴയതിൽ നിന്നും വ്യത്യസ്തമായി അഞ്ച് മോഡലുകളാണ് ഐഫോൺ 16ൽ നിന്ന് വരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഡിസൈനുകളിലും കാര്യമായ മാറ്റമുണ്ട്. സാധാരണ സ്റ്റാന്റേര്‍ഡ്, പ്ലസ്, പ്രോ, പ്രോമാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിള്‍ അവതരിപ്പിക്കാറ്. ഇതില്‍ നിന്നും വ്യത്യസ്തമായി പുതിയ ഐഫോണ്‍ 16 എസ്.ഇ മോഡലുകളാണ് 2024നെ വ്യത്യസ്തമാക്കുന്നത്. ഐഫോണ്‍ പ്ലസ് മോഡല്‍ ഒഴിവാക്കി പകരം എസ്ഇ, പ്ലസ് എസ്ഇ എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക.
മറ്റൊന്ന് ക്യാമറ മൊഡ്യൂളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളാണ്. ഐഫോണ്‍ 11 മുതല്‍ പിന്തുടര്‍ന്നുവന്ന ചതുരത്തിലുള്ള ക്യാമറ മൊഡ്യൂള്‍ ഡിസൈനില്‍ ഇത്തവണ മാറ്റം വരുമെന്നാണ് പറയപ്പെടുന്നത്. ഐഫോണ്‍ 16ന്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍, സാംസങ് എസ്24 സീരീസിനെ അനുസ്മരിപ്പിക്കുന്നതാണ്.
വെര്‍ട്ടിക്കലായി 'പില്‍' ഷേപ്പിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പഴയ ഐഫോണ്‍ ടെന്നിലും ഈ രീതിയില്‍ വെര്‍ട്ടിക്കലായാണ് ക്യാമറകള്‍ നല്‍കിയിരുന്നത്. പതിനൊന്ന് മുതലാണ് ക്യാമറ മൊഡ്യൂളില്‍ കമ്പനി മാറ്റംവരുത്തുന്നത്. ഐഫോൺ 16 പതിപ്പിൽ രണ്ട് ബാക്ക് ക്യാമറ യൂണിറ്റാണ്. അതേസമയം ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവക്ക് ട്രിപ്പിൾ റിയർ ക്യാമറ(ബാക്കില്‍ മൂന്ന് ക്യാമറ) സജ്ജീകരണമാണ്. ഐഫോണ്‍ 16 എസ്ഇ, ഐഫോണ്‍ 16 പ്ലസ് എസ്ഇ എന്നിവയില്‍ സിംഗിള്‍ ബാക്ക് ക്യാമറയാണുള്ളത്.
അതേസമയം ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ ഐഫോണുകളെ സംബന്ധിച്ച് വരുന്ന വാർത്തകളെല്ലാം ഒരുപക്ഷേ വിശ്വസനീയമായിരിക്കണമെന്നില്ല. എങ്കിലും ആപ്പിളിനെ സജീവമായി വിലയിരുത്തുകയും നിരീക്ഷിച്ച് വരികയുമൊക്കെ ചെയ്യുന്ന മജിന്‍ ബുവിനെ പോലുള്ള ടെക് വിദഗ്ധര്‍ പുറത്തുവിടുന്ന വിവരങ്ങളില്‍ പലതും ശരിയാകാറുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നത്. സെപ്തംബറിൽ അവതരണ ചടങ്ങിലെ ആപ്പിൾ തങ്ങളുടെ ഫീച്ചറുകളെല്ലാം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
Summary-Apple to launch 5 models in iPhone 16 series this year