കഴിഞ്ഞു, ബ്ലാക്ക്‌ബെറിയുടെ സേവനം, ഇനി ഓർമ
|അതേസമയം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും. KeyOne, Key2, Key2 LE എന്നിവയാണ് ബ്ലാക്ക്‌ബെറിയുടെ ആൻഡ്രോയിഡ്-പവർ സ്മാര്‍ട്ട്ഫോണുകള്‍.
സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്‍മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്‌സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല. ഇന്നത്തോടെ ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങളുള്ള ഫോണുകളാണ് ഓര്‍മയാകുന്നത്.
അതേസമയം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും. KeyOne, Key2, Key2 LE എന്നിവയാണ് ബ്ലാക്ക്‌ബെറിയുടെ ആൻഡ്രോയിഡ്-പവർ സ്മാര്‍ട്ട്ഫോണുകള്‍. എന്നാല്‍ ഇവയ്ക്ക് സെക്യൂരിറ്റി അപ്ഡേഷനുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സേവനം നിർത്തുന്ന കാര്യം 2021 സെപ്റ്റംബറിൽ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നന്ദി സൂചകമായി സേവനങ്ങൾ നീട്ടുകയായിരുന്നു.
ബ്ലാക്ബെറിയുടെ ചില സ്‌മാർട്ട് ഫോണുകൾ ബ്ലാക്ബെറി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒഎസിൽ നിന്നുള്ള സേവനങ്ങളാണ് ഇന്ന് മുതൽ നിർത്തുന്നത്. ബ്ലാക്ബെറി 7.1 ഒഎസ്, അതിനുമുൻപുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്‌ബെറി 10 എന്നിവയെല്ലാം ഇനി പ്രവർത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് കനേഡിയൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2010 കളുടെ തുടക്കത്തിൽ തന്നെ ബ്ലാക്ക്‌ബെറിക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നുണ്ടായിരുന്നു. നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാന്‍ഡ് ആയിരുന്നു ബ്ലാക്‌ബെറി. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോള്‍ ബ്ലാക്‌ബെറി വമ്പന്‍ ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി മാറി. ഐഫോൺ, മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകൾ തുടങ്ങി ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളുടെ പ്രളയത്തില്‍ നോക്കിയയ്ക്കൊപ്പം ബ്ലാക്ക്ബറിയും ഒലിച്ചുപോകുകയായിരുന്നു. എന്നാല്‍ നോക്കിയ പിന്നീട് തിരിച്ചുവന്നു. കാലത്തിനനുസരിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കാനാവാതെ ബ്ലാക്ക്ബെറി വിയര്‍ത്തു.