2030-ഓടെ സ്മാർട്ട്ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും, പിന്നെ എല്ലാം ശരീരത്തിൽ നേരിട്ട് വിന്യസിപ്പിക്കും: നോക്കിയ സി.ഇ.ഒ
|നിരവധി കമ്പനികൾ ഇതിനകം തന്നെ 6ജി യിൽ വലിയ തോതിൽ നിക്ഷേപം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്
2030 ഓടെ, സ്മാർട്ഫോണുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക്. 6ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നും അപ്പോഴേക്കും സ്മാർട്ഫോൺ ഇന്നുള്ളത് പോലെ സർവ്വ സാധാരണ ആശയവിനിമയ ഉപകരണമായിരിക്കില്ലെന്നും അത്തരം സാങ്കേതിക വിദ്യകൾ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് തന്നെ വിന്യസിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വരാനിരിക്കുന്ന ഉപകരണങ്ങളിൽ പലതും നമ്മുടെ ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും ഇത് എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. നിരവധി കമ്പനികൾ ഇതിനകം തന്നെ 6ജി യിൽ വലിയ തോതിൽ നിക്ഷേപം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ക്വാൽകോം, ആപ്പിൾ, ഗൂഗിൾ, എൽജി തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഭീമന്മാരിൽ ചിലർ ഈ അടുത്ത തലമുറ സാങ്കേതികവിദ്യയ്ക്കായി പ്രവർത്തിക്കുന്നതായാണ് വിവരം.