ഫോൺ പൊട്ടിത്തെറിച്ചോ? കാരണമറിയേണ്ടേ?
|ഒരുപാട് കാലം ഉപയോഗിച്ച ഫോണും പൊട്ടിത്തെറിച്ചേക്കാം...
ഫോൺ പൊട്ടിത്തെറിക്കുകയെന്നത് ഇക്കാലത്ത് അത്ര സാധരണമല്ല. ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. വൺപ്ലസിന്റെ നോർഡ് സീരീസ് ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്തുകൊണ്ടാണ് ഫോണുകൾ പൊട്ടിത്തെറിക്കുന്നത് എന്നറിയേണ്ടേ?
ഫോൺ പൊട്ടിത്തെറിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പറയപ്പെടുന്നു. ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ആ ബ്രാന്‍ഡിന്‍റെ പ്രതിഛായയെ ബാധിക്കുന്ന കാര്യമാണ്. അത്‌കൊണ്ട് തന്നെ തങ്ങളുടെ ഉപഭോക്താക്കളെ പരമാവധി സംതൃപ്തരാക്കാൻ കമ്പനി ഉടമകൾ ശ്രമിക്കാറുമുണ്ട്.
സാധാരണയായി ഫോണിന്റെ ബാട്ടറിയാണ് പൊട്ടിത്തെറിക്കാറുള്ളത്. ആധുനിക ഹാൻഡ്സെറ്റുകളിൽ ലിഥിയം-അയൺ ബാറ്ററികളാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളുടെ കൃത്യമായ ബാലൻസ് നിലനിർത്തുകയും ഒടുവിൽ അവയെ റീചാർജ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു.ഒന്നിലധികം കാരണങ്ങളാൽ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കാം. അമിതമായ ചൂടാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന പ്രധാന കാരണം.
ചാർജ് ചെയ്യുന്ന ബാറ്ററിയോ അമിതമായി പ്രവർത്തിക്കുന്ന പ്രോസസ്സറോ പെട്ടെന്ന് ചൂടായാൽ ഫോണിന്റെ കെമിക്കൽ മേക്കപ്പ് നശിക്കും. തെർമൽ റൺഎവേ എന്ന് വിളിക്കുന്ന ഒരു ചെയിൻ റിയാക്ഷൻ ബാറ്ററി കൂടുതൽ താപം സൃഷ്ടിക്കുന്നതിനും ഒടുവിൽ തീ പിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്നതിനും കാരണമാകുന്നു. ഫോണിന്റെ ബാറ്ററിക്ക് ഏതെങ്കിലും തരത്തിൽ ക്ഷതമേറ്റിട്ടുണ്ടെങ്കിൽ അത് ആന്തരിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഫോൺ കയ്യിൽ നിന്ന് വീഴുമ്പോഴൊക്കെ ഇത്തരത്തിൽ ബാറ്ററി ഡാമേജാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഫോൺ കൂടുതൽ നേരം വെയിലത്ത് വെയ്ക്കുന്നതും മാൽവെയർ സിപിയു അമിതമായി പ്രവർത്തിക്കുന്നതും ഫോൺ പൊട്ടിത്തെറിക്കുന്നതിനുള്ള മറ്റു കാരണങ്ങളാണ്. ഉപകരണത്തിനുള്ളിൽ ഷോർട്ട് സർക്യൂട്ടിംഗിനും സാധ്യതയുണ്ട്. ഇത് കൂടാതെ മറ്റു ചില കാരണങ്ങളുണ്ട്. ഒരുപാട് കാലം ഉപയോഗിച്ച ഫോണും പൊട്ടിത്തെറിച്ചേക്കാം. നിർമ്മാണത്തിലുള്ള അപാകതകളും ഫോൺ പൊട്ടിത്തെറിക്കുന്നതിന് പ്രധാന കാരണമാണ്.