ഡിസ്പ്ലെ സൈസിലും ക്യാമറയിലും മാറ്റം ; ഐഫോൺ 16 സീരീസിന്റെ പുതിയ ചിത്രങ്ങൾ പറയുന്നത്...
|ഇപ്പോഴുള്ള ക്യാമറ ഡിസൈൻ മാറ്റിയാവും 16, 16 പ്ലസ് മോഡലുകൾ എത്തുക. വെർട്ടിക്കിൽ ആകൃതിയിലാകും ക്യാമറ യൂണിറ്റ്
ന്യൂയോർക്ക്: ഐഫോണിന്റെ 16 സീരീസിലെ മോഡലുകളെപ്പറ്റിയും പുതുതായി എത്തുന്ന ഫീച്ചറുകളെക്കുറിച്ചുമെല്ലാം ഇതിനകം തന്നെ വാർത്തകൾ വന്നതാണ്. ഡിസൈനിൽ തന്നെ മാറ്റം ഉണ്ടാകുമെന്നും ഇതിനകം ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴിതാ പുതിയ മോഡലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ടെകുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന സോണി ഡിക്സണാണ് ചിത്രം ആദ്യമായി പങ്കുവെച്ചത്. പിന്നാലെയാണ് ഐഫോൺ പ്രേമികൾക്കിടയിലേക്ക് എത്തിയത്. ഐഫോണുമായി ബന്ധപ്പെട്ട് ഏറെക്കുറെ ശരിയാകാറുള്ള ടിപ്സുകളാണ് ഇദ്ദേഹം നൽകാറ്. അതുകൊണ്ട് തന്നെ ഡിക്സണിന്റെ കണ്ടെത്തലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഡിക്സൺ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നോക്കുകയാണെങ്കിൽ ഡിസൈനിൽ മാറ്റം വരുത്തിയാണ് പുതിയ സീരീസ് ഐഫോൺ ഇറക്കുന്നത്.
പ്രോ മോഡലുകൾക്ക് ഇപ്പോഴുള്ളതിനെക്കാൾ വലിയ സ്ക്രീനുകളായിരിക്കും. 16 പ്രോ, 6.1 ഇഞ്ച് ഡിസ്പ്ലെയിൽ നിന്നും 6.3 ഇഞ്ച് ഡിസ്പ്ലെയിലേക്ക് ഉയരും. പ്രോ മാക്സാകട്ടെ ഡിസ്പ്ലെ സൈസിൽ വലിയൊരു മാറ്റമാണ് കൊണ്ടുവരുന്നത്. 6.7 ഇഞ്ചിൽ നിന്നും 6.9 ഇഞ്ചായി വർധിക്കും. അതേസമയം 16, 16 പ്ലസ് മോഡലുകൾ ആദ്യത്തേത് പോലെ തന്നെ തുടരും. 6.1, 6.7 എന്നിങ്ങനെ ആയിരിക്കും. അതേസമയം നാല് മോഡലുകളുടെ സ്ക്രീനിന് ചുറ്റും മെലിഞ്ഞ ബെസലുകൾ തന്നെയാകും.
ക്യാമറ യൂണിറ്റിലാണ് മറ്റൊരു മാറ്റം. ഇക്കാര്യം നേരത്തെ പ്രചരിച്ചതുമാണ്. ഇപ്പോഴുള്ള ക്യാമറ ഡിസൈൻ മാറ്റിയാവും 16, 16 പ്ലസ് മോഡലുകൾ എത്തുക. വെർട്ടിക്കിൽ ആകൃതിയിലാകും ക്യാമറ യൂണിറ്റ്. പുതിയ വീഡിയോ റെക്കോർഡിങ് ഫീച്ചറുകളൊക്കെ അടങ്ങുന്നതായിരിക്കും ഈ ക്യാമറ യൂണിറ്റ്. തുടർച്ചയായി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആപ്പിൾ ക്യാമറ യൂണിറ്റിൽ മാറ്റം വരുത്തിയൊരു മോഡൽ ഇറക്കുന്നത്. എന്നാല്‍ പ്രോ ഐഫോൺ മോഡലുകളില്‍ ട്രിപ്പിൾ ക്യാമറ യൂണിറ്റ് തന്നെയാണെങ്കിലും ഡിസൈനിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ക്യാമറ ടെക്നോളജിയിൽ വലിയ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ടൈറ്റാനിയം പോലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാകും പ്രോ മോഡലുകളുടെ നിര്‍മ്മാണം. എന്നാല്‍ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നീ സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്ക് അലൂമിനിയം ബോഡിയാകും. അതേസമയം നാല് 16 മോഡലുകൾക്കും ഒരു ആക്ഷൻ ബട്ടൺ ലഭിക്കുമെന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രോ മോഡലുകളില്‍ കപ്പാസിറ്റീവ് ബട്ടണുകളായിരിക്കുമെന്നും ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഐഫോണ്‍ 15ല്‍ ഉള്കൊള്ളിക്കാനിരുന്ന ഫീച്ചറാണ് കപ്പാസിറ്റീവ് ബട്ടണുകള്‍. എന്നാല്‍ സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കാരണം ഈ ഫീച്ചർ മാറ്റിവെക്കുകയായിരുന്നു.
അതേസമയം ഈ വിവരങ്ങളൊന്നും ഔദ്യോഗികമല്ലെങ്കിലും ഏറെക്കുറെ ശരിയാകാറുണ്ട്. ആപ്പിൾ തങ്ങളുടെ മോഡലുകളിൽ ഒളിപ്പിച്ചുവെക്കുന്ന അത്ഭുതങ്ങൾ അനാവരണ ചടങ്ങിലെ വെളിപ്പെടുത്തു. അതുവരെ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും മാത്രമായിരിക്കും. എല്ലാവർഷവും സെപ്തംബറിലാണ് ആപ്പിൾ തങ്ങളുടെ പുതിയ മോഡലുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. അതിനാകട്ടെ കാഴ്ചക്കാർ ഏറെയാണ് താനും.