കാത്തിരിക്കേണ്ട, ഐ.ഒ.എസ് 18 വന്നാലും എല്ലാ മോഡലുകളിലും ആപ്പിൾ ഇന്റലിജൻസ് ലഭിക്കില്ല
|ആപ്പിളിന്റെ അടുത്ത വലിയ ചുവടുവെപ്പ് എന്നാണ് ആപ്പിൾ ഇന്റലിജൻസിനെ കമ്പനി വിശേഷിപ്പിക്കുന്നത്.
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) രംഗത്തേക്ക് ആപ്പിളും ചുവടുവെക്കുകയാണ്. വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ ഇക്കാര്യം അവര്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഏറ്റവും പുതിയ ഐ.ഒ.എസ് 18നിലാണ് എ.ഐ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആപ്പിൾ ഇന്റലിജൻസ് എന്നാണ് അവരുടെ എ.ഐയെ വിശേഷിപ്പിക്കുന്നത്. സാംസങ് അവതരിപ്പിച്ച എ.ഐയെ വെല്ലുംവിധമുള്ള ഫീച്ചറുകളാവുമെന്നാണ് പറയപ്പെടുന്നത്. 'ഗ്യാലക്സി എ.ഐ' എന്നാണ് സാംസങ് വിളിക്കുന്നത്. ആപ്പിളിന്റെ അടുത്ത വലിയ ചുവടുവെപ്പ് എന്നാണ് ആപ്പിൾ ഇന്റലിജൻസിനെ കമ്പനി വിശേഷിപ്പിക്കുന്നത്. എ.ഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ഇതിലൂടെയെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറയുന്നത്.
നോട്ടിഫിക്കേഷനിലുള്പ്പെടെ ഉപയോക്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഹൈലൈറ്റ്. ഇമെയില്‍ സന്ദേശങ്ങള്‍ ചുരുക്കാനും ഏത് ആവശ്യത്തിലേക്കും മാറ്റി എഴുതാനും ഇതുവഴി സാധിക്കും. ഫോട്ടോഗ്യാലറിയിൽ വൻ മാറ്റങ്ങളാണ് ആപ്പിൾ ഇന്റലിജൻസിലൂടെ കൊണ്ടുവരുന്നത്. കൂടാതെ സ്ഥിരം എ.ഐ ഫീച്ചറുകളും ആപ്പിളിൽ ലഭ്യമാകും. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയുടെ അവസാനമാണ് ആപ്പിൾ ഇന്റലിജൻസിനെ കമ്പനി പരിചയപ്പെടുത്തിയതെങ്കിലും വരുന്നത് ചില്ലറക്കാരനല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ ആപ്പിൾ ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭിക്കില്ല.ഐ.ഒ.എസ് 18 ഇന്‍സ്റ്റാള്‍ ചെയ്യാമെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സിനായി ചില മോഡലുകളുണ്ട്. ഐഫോണ്‍ 15 സീരീസ് മുതല്‍ എഐ ഫീച്ചറുകള്‍ ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഐഫോണ്‍ 15 പ്രോ മോഡലുകളിലും അതിന് ശേഷം പുറത്തിറങ്ങുന്ന ഐഫോണുകളിലുമാണ് പുതിയ ജനറേറ്റീവ് എ.ഐ ഫീച്ചറുകള്‍ ലഭിക്കുക.
അതായത് ഐഫോണ്‍ 16 സീരിസിലെ മോഡലുകളിലാകും ഇവ കാര്യമായി ലഭിക്കുക. ഐ.ഒ.എസ് 17 പ്രോ ചിപ്പ് സെറ്റിലും ആപ്പിളിന്റെ എം1 മുതല്‍ എം4 വരെയുള്ള ചിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുക. ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 15 പ്രോ ,ഐപാഡ് പ്രോ, ഐപാഡ് എയര്‍, മാക്ക്ബുക്ക് എയര്‍, മാക്ക്ബുക്ക് പ്രോ, ഐമാക്ക്, മാക്ക് മിനി, മാക്ക് സ്റ്റുഡിയോ, മാക്ക് പ്രോ എന്നിവയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കും. അപ്ഡേറ്റുകള് പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബറില്‍ ഐഫോണ്‍ 16 സീരീസ് അവതരിപ്പിക്കപ്പെട്ടതിന് ശേഷമേ ഒ.എസ് അപ്ഡേറ്റുകള് പുറത്തിറക്കുകയുള്ളൂ.