Mobile
Iphone 16
Mobile

ഫോൺ കവറിലും മാറ്റം പ്രകടം: ഐഫോൺ 16 മോഡലുകളുടെ ഡിസൈൻ മാറുന്നു

Web Desk
|
31 March 2024 12:40 PM GMT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക

ന്യൂയോര്‍ക്ക്: ഡിസൈനിൽ ഏതാനും മാറ്റങ്ങളുമായി ഐഫോണിന്റെ പുതിയ മോഡലായ ഐഫോൺ 16 പരമ്പരയിലെ മോഡലുകൾ എത്തും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിലെ പ്രധാന മാറ്റമായിരുന്നു സ്‌ക്വയർ ക്യാമറ ഡിസൈൻ മാറ്റി പഴയ വെർട്ടിക്കിൾ പിൽ ആകൃതിയിലേക്ക് തന്നെ ക്യാമറ യൂണിറ്റ് എത്തുന്നു എന്നത്.

ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗികമായി വ്യക്ത വരുത്തിയിട്ടില്ലെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകുന്ന ടെക് വിദഗ്ധന്മാരെല്ലം ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഇപ്പോഴിതാ ആപ്പിൾ പ്രൊഡക്ടുകളെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന ടെക് വിദഗ്ധന്‍ സോണി ഡിക്‌സൺ പങ്കുവെച്ച ഒരു സ്മാർട്ട്‌ഫോൺ കവറാണ് പുതിയ ഡിസൈനിലേക്കുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയത്.

രണ്ട് സ്മാർട്ട്‌ഫോൺ കവറുകളാണ് അദ്ദേഹം എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിൽ ഇടതുവശത്തെ കവറിന് വലിപ്പം അൽപ്പം കൂടുതലാണ്. ഐഫോൺ 16 പ്ലസിന്റെതാണ് ഈ കവർ. മറ്റൊന്ന് ഐഫോൺ 16ന്റേതും. ഈ രണ്ട് കവർ ഡിസൈനും കുത്തനെയുള്ള ക്യാമറകൾക്ക് യോജിച്ചതാണ്. ക്യാമറ മൊഡ്യൂളിന് തൊട്ടടുത്തായി ഫ്‌ളാഷ് ലൈറ്റിനുള്ള ഇടവുമുണ്ട്. ഐഫോണ്‍ 16നുള്ള ആദ്യ കവറുകള്‍ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മറ്റൊരു മാറ്റം 15 പ്രോ സീരിസുകളിൽ ഉൾപ്പെടുത്തിയിരുന്ന ആക്ഷൻ ബട്ടൺ 16 മോഡലുകളിലേക്കും എത്തും എന്നാണ്. അതേസമയം അവസാനം ഇറങ്ങിയ സാംസങിന്റെ ഗ്യാലക്‌സി എസ് 24 മോഡലിലും വെർട്ടിക്കിൾ ഷേപ്പിലുള്ള ക്യാമറയാണ് നൽകയിരിക്കുന്നത്. ക്യാമറ ക്വാളിറ്റിയിലും മറ്റും ആപ്പിളിന് വെല്ലുവിളി ഉയർത്തുന്ന സാങ്കേതിക വിദ്യകളാണ് സാംസങ് ഉപയോഗിക്കുന്നത്. ഇതാണ് ആപ്പിളിലെ ഡിസൈനിൽ തന്നെ മാറ്റം വരുത്താൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക എന്നാണ് വിവരം. എ.ഐ ഫീച്ചറുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ റാന്‍ഡം ആക്‌സസ് മെമ്മറിയും (റാം) സ്റ്റോറേജും നല്‍കിയാണ് ഐഫോണ്‍ 16 മോഡലുകള്‍ എത്തുക. നിലവില്‍ ഐഫോണ്‍ 15 പ്രോയില്‍ എട്ട് ജിബി റാം ആണ് ആപ്പിള്‍ നല്‍കുന്നത്. ഐഫോണ്‍ 15 ലും 15 പ്ലസിലും 6 ജിബി റാമുമാണ്. ഐഫോണ്‍ 16 ല്‍ കൂടുതല്‍ റാം, സ്‌റ്റോറേജ് എന്നിവ ഉണ്ടാകുമെന്നാണ് മറ്റൊരു ടെക് വിദഗ്ധന്‍ പങ്കുവെക്കുന്നത്.

Related Tags :
Similar Posts