തിക്കിത്തിരക്കിയത് ആപ്പിളിന് നേട്ടമായി; ഐഫോൺ 16ന് ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന
|പുലർച്ചെ മുതൽ ആളുകൾ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വരിനിന്നതും സിനിമാ ടിക്കറ്റിനെന്ന പോലെ തിക്കും തിരക്കും കൂട്ടിയതും വാർത്തയായിരുന്നു
ന്യൂഡൽഹി: സെപ്തംബർ 20നാണ് ഐഫോണിന്റെ ഏറ്റവും പുതിയ 16 സീരിസിലെ മോഡലുകൾ വിപണിയിലേക്ക് എത്തിയത്. മോഡലുകള്‍ ലഭിക്കുന്ന ഇടങ്ങളിലെല്ലാം നീണ്ട വരിയാണ് ഇന്ത്യയിൽ കാണപ്പെട്ടത്. പുലർച്ചെ മുതൽ ആളുകൾ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വരിനിന്നതും സിനിമാ ടിക്കറ്റിനെന്ന പോലെ തിക്കും തിരക്കും കൂട്ടിയതും വാർത്തയായിരുന്നു.
ഈ ആവേശമൊക്കെ ഇപ്പോൾ ആപ്പിളിന് നേട്ടമായിരിക്കുകയാണ്. പുതിയ മോഡലുകൾ വിൽപനക്കെത്തിയ ആദ്യ ദിനം തന്നെ ഇന്ത്യയിൽ, ആപ്പിൾ റെക്കോർഡിട്ടു. ആദ്യ ദിനം റെക്കോർഡ് വിൽപ്പനയാണ് ആപ്പിൾ കൈവരിച്ചത്.
പ്രീ സെയിൽ കണക്ക് അനുസരിച്ച് ആഗോള തലത്തിൽ 16 മോഡലുകൾക്ക് ആവശ്യക്കാരില്ലെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് ആപ്പിളിനെ ഞെട്ടിച്ച് ഇന്ത്യയിലെ റെക്കോര്‍ഡ് വില്‍പ്പന, അതും ആദ്യം ദിനം തന്നെ. കൗണ്ടർപോയിന്റ് റിസര്‍ച്ചിന്റെ കണക്കുപ്രകാരം, ഇന്ത്യയില്‍ കഴിഞ്ഞ വർഷത്തെ മോഡലുകളെ അപേക്ഷിച്ച്( ഐഫോണ്‍ 15 ) 18 മുതൽ 20 ശതമാനം വരെ പുരോഗതിയാണ് 16 മോഡലുകളുടെ വില്‍പ്പനയില്‍ കൈവരിച്ചത്.
ഐഫോണ്‍ 16ന്റെ ബേസ് മോഡലും, പ്രോ മോഡലുകളും ഒരുപോലെ വിപണിയില്‍ സ്വീകരിക്കപ്പെട്ടെന്നാണ് സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ വൈസ് പ്രസിഡന്റ് പ്രഭു റാം വ്യക്തമാക്കുന്നത്.
ആപ്പിളിന്റെ മുംബൈയിലെയും ന്യൂഡല്‍ഹിയിലേയും സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പുലരും മുമ്പെയും തലേന്നുംവരെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ഇടംപിടിച്ചവരുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ആദ്യത്തെ ഐഫോണ്‍ വാങ്ങണമെന്ന ചിന്തയിലാണ് പലരും വ്യാഴാഴ്ച്ച അര്‍ധരാത്രി മുതല്‍ കടകള്‍ക്ക് മുന്നില്‍ എത്തിയത്.
അതേസമയം ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ആളുകൾ പുതിയ ഐഫോണുകൾ വാങ്ങി. കൂടാതെ ബിഗ്ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിൽ മോഡലുകൾ സ്വന്തമാക്കാനും അവസരം ലഭിച്ചു. പത്ത് മിനുറ്റ് കൊണ്ട് ഡെലിവറി സാധ്യമാകും എന്നതാണ് ഈ പ്ലാറ്റ്‌ഫോമുകളെ വ്യത്യസ്തമാക്കിയിരുന്നത്. അതേസമയം ബ്ലിങ്കിറ്റിലും ബിഗ് ബാസ്‌കറ്റിലും നിമിഷ നേരം കൊണ്ടാണ് ഐഫോണ്‍ 16 വിറ്റുതീര്‍ന്നത്.
പല കാരണങ്ങളാണ് ഇന്ത്യയിൽ ആവശ്യക്കാരെ ഏറ്റിയത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മോഡലുകളെ അപേക്ഷിച്ച് വില കുറഞ്ഞതാണ് ആളുകളെ 16 മോഡലിലേക്ക് ആകർഷിച്ചത്. ബേസ് വാരിയന്റായ 16, പ്ലസ് എന്നിവക്ക് കഴിഞ്ഞ വർഷത്തെ ബേസ് മോഡലിന്റെ അതേ വിലനിലനിർത്തിയപ്പോൾ പ്രോ മോഡലുകൾക്ക് വില കുറക്കുകയും ചെയ്തിരുന്നു. 1,19,900, 139,900 എന്നിങ്ങനെയാണ് പ്രോ മോഡലുകളുടെ ഇന്ത്യയിലെ വില.
അതേസമയം, ആപ്പിൾ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച അവരുടെ എഐയായ ആപ്പിൾ ഇന്റലിജൻസ് വൈകുന്നതും ചൈനീസ് മാര്‍ക്കറ്റിലെ കടുത്ത മത്സരവും 16 മോഡലുകളെ പ്രതികൂലമായി ബാധിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. സെപ്തംബര്‍ 13നായിരുന്നു, 16 മോഡലുകളുടെ പ്രീ-ഓർഡർ ആരംഭിച്ചിരുന്നത്. പ്രീ- ഓര്‍ഡര്‍ വിലയിരുത്തിയായിരുന്നു ആപ്പിള്‍ അനലിസ്റ്റുകള്‍ 16 സീരിസിന് പ്രതീക്ഷിച്ച അത്ര ആവശ്യക്കാരില്ലെന്ന് വ്യക്തമാക്കിയിരുന്നത്.