ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങിയില്ല;വിശദീകരണവുമായി കമ്പനി
|വെള്ളിയാഴ്ചയായിരുന്നു ഫോൺ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നത്.
ഗൂഗിളുമായി ചേർന്ന് ജിയോ നിർമ്മിച്ച പുതിയ സ്മാർട്ട് ഫോൺ ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങിയില്ല. ആഗോള വിപണിയിൽ ചിപ്പ് ക്ഷാമം നേരിടുന്നതിനാലാണ് ഫോൺ ലോഞ്ച് ചെയ്യുന്നതിൽ നിന്ന് കമ്പനി പിന്മാറിയത്. എന്നാൽ പരിമിതമായ ഉപയോക്താക്കൾക്കിടയിൽ ഫോൺ പരീക്ഷിക്കുന്നുണ്ടെന്നും ദീപാവലി സീസണിൽ കൂടുതൽ വ്യാപകമായി പരീക്ഷണം തുടരുമെന്നും കമ്പനി പറഞ്ഞു. ഈ കാലയളവിൽ പോരായ്മകൾ കണ്ടെത്തിയാൽ അവ പരിഹരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയായിരുന്നു ഫോൺ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നത്.
സ്മാർട്ട് ഫോൺ രംഗത്ത് ജിയോയുടെ പുതിയ തുടക്കമാണ് ജിയോ നെക്സ്റ്റിലൂടെ സാധ്യമാവുക. വിപണിയിലുള്ള ജിയോ ഫോൺ, ജിയോ ഫോൺ -2 ഫോണുകൾക്ക് സമാനമായി സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന രീതിയിലാണ് നെക്സ്റ്റ് വിപണിയിലെത്തുക. നെക്സ്റ്റിന് 5000 രൂപയിൽ താഴെ മാത്രം വിലയീടാക്കൂ എന്നാണ് കമ്പനിയുടെ വാഗ്ദാനം. ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന നെക്സ്റ്റിന് 5.5 ഇഞ്ച് ഡിസ്പ്ലേയും 3 ജിബി റാമുമാണുള്ളത് കൂടാതെ 32 ജിബി ഓൺബോർഡ് സ്റ്റോറേജും ജിയോ പുറത്തിറക്കുന്ന പുതിയ 4 ജി ഫോണിനുണ്ട്.
13 മെഗാപിക്സലിൻ്റെ ബാക്ക് ക്യാമറയും 8 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്.ഈ രണ്ട് ക്യാമറ യൂണിറ്റും ഒരു എൽ.ഇ.ഡി ഫ്ലാഷും അടങ്ങിയ ബാക്ക് പാനൽ പോളികാർബണേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നെക്സ്റ്റിന് 3.5mm ഓഡിയോ ജാക്കും ലഭിക്കും
പുതുമകൾ ഇല്ലാതെ ഡിസൈൻ ചെയ്തിരിക്കുന്ന പുതുമകൾ ഇല്ലാതെ ഡിസൈൻ ചെയ്തിരിക്കുന്ന ഫോണിന് 720*1,440 പിക്സലിലുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത് . 2500 എംഎച്ച് ബാറ്ററിയുള്ള ഫോണിൽ ഗൂഗിളിൻ്റെയും ജിയോയുടെയും എല്ലാ ആപ്ലിക്കേഷനുകളും ലഭ്യമാകും.വോയ്സ് അസിസ്റ്റൻ്റ് , ഭാഷാ വിവര്‍ത്തന സഹായി, സ്മാര്‍ട്ട് ക്യാമറ, എച്ച്ഡിആര്‍ ക്യാമറ, ഗൂഗിള്‍ അസിസ്റ്റൻ്റ്, എന്നിവയെ കൂടാതെ ഒറ്റ ക്ലിക്കില്‍ ഉപഭോക്താവിന് മാതൃഭാഷയില്‍ വാര്‍ത്തകളും വിവരങ്ങളും കാണാനും കേള്‍ക്കാനും സാധിക്കുക എന്നിവയൊക്കെയാണ് നെക്സ്റ്റിൻ്റെ മറ്റു പ്രധാന സവിശേഷതകള്‍.