ഐഫോൺ 15നും ഗ്യാലക്സി എസ്24 അൾട്രയിലും ഇല്ലാത്ത ഫീച്ചറുമായി ഓപ്പോ വരുന്നു
|ഇന്ത്യയിൽ ആദ്യമായാണ് ഐ.പി69 റേറ്റിങോടെയുള്ള ഒരു ഫോൺ എത്തുന്നത്. ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഓപ്പോയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെക്കുന്ന ടെക് വിദഗ്ധന്മാരെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ന്യൂഡല്‍ഹി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐ.പി 69 റേറ്റിങ്ങോടെയുള്ള (IP69 Rating) സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ.
ഇന്ത്യയിൽ ആദ്യമായാണ് ഐ.പി69 റേറ്റിങ്ങോടെയുള്ള ഒരു ഫോൺ എത്തുന്നത്. ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഓപ്പോയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെക്കുന്ന ടെക് വിദഗ്ധന്മാരെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൂൺ 13നാകും ഫോൺ ഇന്ത്യയിൽ എത്തുക.
ജൂണിൽ മൂന്ന് മോഡലുകളുമായാണ് ഓപ്പോ എത്തുന്നത്. ഓപ്പോ എഫ് 27, 27 പ്രോ, പ്രോ പ്ലസ്(Pro +) എന്നിവയാണ് മോഡലുകൾ. ഇതിൽ പ്രീമിയം മോഡലായ പ്രോ പ്ലസിലാകും ഐ.പി 69 റേറ്റിങ് ഉള്ള സംരക്ഷണം ലഭിക്കുക. മറ്റു മോഡലുകൾക്ക് ഐ.പി 66, ഐ.പി 69 സംരക്ഷണമാണ് ലഭിക്കുക.
ഏറ്റവും മുന്തിയ മോഡലുകളായ ഐഫോൺ 15നിലും സാംസങ് ഗ്യാലക്സി എസ്24 അൾട്രയിലുമൊന്നും ഐ.പി 69ന്റെ സംരക്ഷണം ഇല്ല. ഓർഗാനിക് വസ്തുക്കളിൽ നിന്നും നിർമ്മിച്ചെടുത്ത ലെതർ ബാക്ക് പാനലാണ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷത. റിയൽമിയുടെ 12 പ്രോ സീരീസിന് സമാനമായ ബാക്ക് പാനലാവും.
12 ജി.ബി പിന്തുണയോടെയുള്ള മീഡിയ ടെകിന്റെ ഡിമെൻസിറ്റി 7050 പ്രൊസസറാവും എഫ്27 പ്രോയിലും പ്രോ പ്ലസിലും. വൃത്താകൃതിയിലുള്ള ക്യാമറ ഡിസൈനാണ് നൽകിയിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും 64 എം.പി പ്രധാന ക്യാമറയും 2 എം.പി സെക്കന്‍ഡറി ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ഫോണുകളില്‍ 5000എം.എ.എച്ച് ബാറ്ററിയും 67W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.