Mobile
സാംസങ്ങ് സ്മാർട്ട്‌ഫോൺ ഉൽപാദനം വെട്ടിച്ചുരുക്കി; കാരണം അറിയേണ്ടേ?
Mobile

സാംസങ്ങ് സ്മാർട്ട്‌ഫോൺ ഉൽപാദനം വെട്ടിച്ചുരുക്കി; കാരണം അറിയേണ്ടേ?

Web Desk
|
29 May 2022 12:14 PM GMT

സാംസങ്ങ് ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ നിന്ന് മെല്ലെ പിൻമാറുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്

ദക്ഷിണകൊറിയൻ ഇലക്ട്രോണിക് കമ്പനിയായ സാസംങ്ങ് അവരുടെ ഈ വർഷത്തെ ഉൽപാദനം ഏതാണ്ട് 30 ശതമാനം വെട്ടിക്കുറച്ചേക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുൻനിര സ്മാർട്ട്‌ഫോൺ ഉൾപ്പെടെയുള്ളവയുടെ ഉൽപാദനമാണ് കുറയ്ക്കുന്നത്. 2022-ൽ 310 ദശലക്ഷം യൂണിറ്റ് എന്ന ലക്ഷ്യമാണ് കമ്പനി നിശ്ചയിച്ചിരുന്നത്, അത് ഇപ്പോൾ 280 ദശലക്ഷം യൂണിറ്റായി കുറച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സാംമൊബൈലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വർഷം 300 ദശലക്ഷത്തിലധികം യൂണിറ്റുകൾ നിർമ്മിക്കാനായിരുന്നു സാംസങ്ങിന്റെ പദ്ധതി. എന്നാൽ ഈ ലക്ഷ്യത്തിൽ എത്താൻ വിപണിയിലെ ഇന്നത്തെ സാഹചര്യങ്ങളാൽ കഴിയില്ലെന്നാണ് വിവരം. കോവിഡ് പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതികൂലമായി ബാധിച്ചതും സാംസങ്ങിന് തിരിച്ചടിയായി. ഇതിന്റെ ഫലമായി സ്മാർട്ട് ഫോൺ വിപണിയിൽ ആവശ്യകത കുറയുന്നു എന്ന് കണ്ടാണ് കമ്പനിയുടെ പുതിയ നീക്കം.

എന്നാൽ സാംസങ്ങ് മാത്രമല്ല ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. മറ്റു ചില സ്മാർട്ട്‌ഫോൺ കമ്പനികളും കോവിഡ് പ്രതിസന്ധി കാരണം അവരുടെ ഉൽപാദനം ഘണ്യമായി കുറച്ചിട്ടുണ്ട്. പല സ്മാർട്ട്‌ഫോൺ കമ്പനികളും വലിയ രീതിയിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. ടെക് ഭീമനായ ആപ്പിളിനും 2022 ലെ സ്മാർട്ട്‌ഫോൺ ഉത്പാദനം കുറയ്‌ക്കേണ്ടി വന്നതായാണ് സൂചന. ഐഫോൺ എസ്ഇയുടെ ഉത്പാദനം കമ്പനി 20 ശതമാനം കുറച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം സാംസങ്ങ് ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ നിന്ന് മെല്ലെ പിൻമാറുകയാണെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത്തരം ഫോണുകൾക്ക് വില കുറവാണെങ്കിലും ആവശ്യക്കാർ ഏറെയാണ്. കരാർ നിർമ്മാണ പങ്കാളിയായ ഡിക്‌സണുമായി ഡിസംബർ അവസാനം വരെ ഇന്ത്യയിൽ കൂടുതൽ ഫീച്ചർ ഫോണുകൾ നിർമ്മിക്കാൻ സാംസങ്ങിന് കരാറുണ്ട്. അതിനെ തുടർന്ന് 15,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാസംങ്ങിന്റെ ശ്രമമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Similar Posts