Mobile
tata  iphone 16
Mobile

ഐഫോൺ 16 പ്രേമികൾക്കായി ടാറ്റയുടെ വലിയ നീക്കം; ഡെലിവറി വെറും പത്ത് മിനിറ്റിനുള്ളിൽ

Web Desk
|
25 Sep 2024 5:38 AM GMT

പത്ത് മിനിറ്റിനുള്ളിൽ ഐഫോൺ 16 എത്തിക്കാനാണ് ക്വിക് ഓൺലൈൻ പ്ലാറ്റ്ഫോമായ ബിഗ്ബാസ്‌ക്കറ്റിലൂടെ ടാറ്റ ശ്രമിക്കുന്നത്

ന്യൂഡൽഹി: ഐഫോൺ 16 പരമ്പരയിലെ മോഡലുകൾ ആഘോഷിക്കുകയാണ് ലോകമെങ്ങും. വിപണിയിലെത്തിയ ദിവസം തന്നെ പുതിയ മോഡൽ വാങ്ങാൻ വൻ തിരക്കായിരുന്നു. പുലർച്ചെ മുതൽ ആപ്പിൾ സ്‌റ്റോറുകൾക്ക് മുന്നിൽ വരി നിന്നൊക്കെയാണ് കടുത്ത ആപ്പിൾ പ്രേമികൾ മോഡലുകള്‍, പോക്കറ്റിലാക്കിയത്.

ഇന്ത്യയിൽ റെക്കോർഡ് വില്‍പ്പനയാണ് ആദ്യം ദിനം തന്നെ നേടിയത്. ഇപ്പോഴിതാ രത്തൻ ടാറ്റയും ഐഫോൺ 16 പ്രേമികൾക്കായി രംഗത്ത് എത്തിയിരിക്കുന്നു. ഏറ്റവും വേഗത്തിൽ ഐഫോൺ 16 എത്തിക്കാനാണ് ക്വിക് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്ക്കറ്റിലൂടെ ടാറ്റ ശ്രമിക്കുന്നത്. അതായത് പത്ത് മിനുറ്റ് കൊണ്ട് സാധാനം നിങ്ങളുടെ കയ്യിലെത്തുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

ടാറ്റയുടെ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് നേരത്ത നിലവിലുണ്ടെങ്കിലും ഇലക്ട്രോണിക് കാറ്റഗറി ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഐഫോൺ 16 മോഡലുകളെ ഉൾപ്പെടുത്തി ഈ രംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ് ടാറ്റ. മൊബൈൽ ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകൾ, ഗെയിമിങ് ഉപകരണങ്ങൾ, മൈക്രോവേവ്ഓവനുകള്‍ എന്നിവയും വിൽപ്പനക്കെത്തും.

ക്രോമയുമായി സഹകരിച്ചാണ് ബിഗ്ബാസ്‌ക്കറ്റ് ഡെലിവറി വേഗത്തിലാക്കുന്നത്. ടാറ്റ ഡിജിറ്റലിന്റെ തന്നെ അനുബന്ധ സ്ഥാപനമാണ് ക്രോമ ഇലക്ട്രോണിക്സും. നിലവില്‍ ക്രോമയിലൂടെയും ഐഫോണ്‍ വില്‍ക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് ഡെലിവറിയാണ് ബിഗ്ബാസ്ക്കറ്റിനെ വ്യത്യസ്തമാക്കുന്നത്. ഐഫോൺ വിപണിയിലെത്തിയ സെപ്തംബർ 20ന് തന്നെ ബിഗ്ബാസ്‌ക്കറ്റിലൂടെ വിൽപ്പന ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഈ സേവനം എല്ലായിടത്തം ലഭിക്കില്ല. ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് ബിഗ്ബാസ്‌ക്കറ്റിന്റെ സേവനം ലഭ്യമാകുന്നത്. ഓഫറുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് എന്ന് ഇപ്പോൾ കമ്പനി വ്യക്തമാക്കുന്നില്ല.

അതേസമയം സേവനങ്ങളെ ഒരൊറ്റ ആപ്പിലേക്ക് സംയോജിപ്പിച്ച് ബിഗ്ബാസ്കറ്റിനെ കാര്യക്ഷമമാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവില്‍ രണ്ട് മൊബൈല്‍ ആപ്പുകളാണ് ബിഗ് ബാസ്ക്കറ്റിനുള്ളത്. ഡെലിവറി സമയം വേഗത്തിലാക്കാനുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് പുതിയ നീക്കം. 2-3 മണിക്കൂറിന്റെ വിൻഡോയും 10-20 മിനിറ്റിനുള്ളില്‍ എത്തിക്കുന്ന മറ്റൊരു വിന്‍ഡോയും ആണ് ഈ രണ്ട് ആപ്പുകളിലുമുള്ളത്. എന്നാല്‍ ഒരൊറ്റ ആപ്ലിക്കേഷന്‍ ആക്കുന്നതോടെ ഡെലിവറി ടൈം കാര്യമായി കുറക്കാന്‍ കഴിയുമെന്നാണ് ടാറ്റ ഗ്രൂപ്പ് വിലയിരുത്തുന്നത്.

ഫ്‌ളിപ്പ്കാർട്ട്, ആമസോൺ പോലെ ഈ രംഗത്തെ വമ്പന്മാർക്കൊപ്പം എത്താനാണ് ടാറ്റ ശ്രമിക്കുന്നത്. ഐഫോണിന് പുറമെ മറ്റു കമ്പനികളുടെ പുതിയ മോഡലുകളും ബിഗ്ബാസ്ക്കറ്റിലേക്ക് എത്തും. ഐഫോൺ 16 സീരീസ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്, ഐഫോൺ 16ന്റെ പ്രാരംഭ വില 79,900 രൂപയും ഐഫോൺ 16 പ്രോയുടെ വില 1,34,900 രൂപയുമാണ്. ഇന്ത്യയിലെ ഐഫോണ്‍ ആവേശം മനസിലാക്കിയാണ് ഇലക്ട്രോണിക് രംഗത്തേക്ക് കൂടി, ബിഗ്ബാസ്ക്കറ്റിലൂടെ ടാറ്റ പ്രവേശിക്കുന്നത്.

Similar Posts