Tech
ജിയോ ബോര്‍ഡില്‍നിന്ന് രാജിവച്ച് മുകേഷ് അംബാനി; ആകാശ് അംബാനി പുതിയ ചെയർമാന്‍
Tech

ജിയോ ബോര്‍ഡില്‍നിന്ന് രാജിവച്ച് മുകേഷ് അംബാനി; ആകാശ് അംബാനി പുതിയ ചെയർമാന്‍

Web Desk
|
28 Jun 2022 1:08 PM GMT

ജൂൺ ആദ്യത്തിൽ ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു

മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ബോർഡിൽനിന്ന് രാജിവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് എംഡിയുമായ മുകേഷ് അംബാനി. പകരം മൂത്തമകൻ ആകാശ് അംബാനിയെ ജിയോ ചെയർമാനാക്കി. തീരുമാനം 65 കാരനായ അംബാനിയുടെ പിന്തുടർച്ച ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 30ാം വയസ്സിലാണ് ആകാശ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയുടെ നേതൃസ്ഥാനത്തെത്തുന്നത്. മക്കളെ കൂടുതൽ ചുമതലകൾ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ വർഷം അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം നടന്ന ആദ്യ തീരുമാനമാണ് ആകാശിന്റെ സ്ഥാനാരോഹണം. ജിയോയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മെറ്റാ പ്ലാറ്റ്‌ഫോമുമായുള്ള ചർച്ചകളിൽ പങ്കെടുത്ത സംഘത്തിൽ ആകാശുണ്ടായിരുന്നു.

ബ്രൗൺ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർഥിയായ ആകാശ് അംബാനി സാമ്പത്തിക ശാസ്ത്രമാണ് പഠിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്രവ്യാപാരിയുടെ മകളും തന്റെ ബാല്യകാല സുഹൃത്തുമായ ശ്ലോക മേത്തയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2020ൽ അവർക്ക് പൃഥ്വി എന്നൊരു മകൻ ജനിച്ചിരുന്നു. ആകാശിന് ഇഷയെന്ന ഇരട്ട സഹോദരിയും അനന്തെന്ന ഇളയ സഹോദരനുമുണ്ട്.


സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങിലാണ് മകൻ ആകാശിന്റെ നിയമന വിവരം വ്യക്തമാക്കിയത്. ജൂൺ 27ന് നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 'നൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആകാശ് അംബാനിയെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനായി നിയമിച്ചു'വെന്നാണ് ഫയലിങ്ങിൽ അറിയിച്ചിരിക്കുന്നത്. ജൂൺ 27 ഓടെ പിതാവ് മുകേഷ് അംബാനി സ്ഥാനം രാജിവെച്ചതായും അറിയിച്ചു. രാമീന്ദർ സിങ് ഗുജ്‌റാളിനെയും കെ.വി. ചൗധരിയെയും ബോർഡിലെ സ്വതന്ത്ര ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.


ജൂൺ ആദ്യത്തിൽ ഒരു ബില്യൺ ഡോളറിന്റെ വ്യത്യാസത്തിൽ അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് എംഡി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു. ജൂൺ മൂന്നിന് പുറത്തിറക്കിയ ബ്ലൂംബേർഗ് ബില്യണേഴ്സ് ഇൻഡക്സാണ് ഇക്കാര്യം പുറത്തുവിട്ടിരുന്നത്. മുകേഷ് അംബാനി 99.7 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തി നേടിയപ്പോൾ അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറായി. കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് ഇരുവർക്കും നേട്ടമുണ്ടായത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂംബേർഗ് ബില്യണേഴ്സ് ഇൻഡക്സ് ദിവസംതോറും സമ്പന്നരുടെ ആസ്തികൾ നിരീക്ഷിക്കുന്ന സംവിധാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അംബാനിക്ക് 3.59 ഡോളർ ബില്യൺ സമ്പാദ്യത്തിന്റെ വർധനവുണ്ടായപ്പോൾ അദാനി നേടിയത് 2.96 ബില്യൺ ഡോളറിന്റെ വരുമാനമാണ്.


ബ്ലുംബേർഗ് ഇൻഡക്സ് പ്രകാരം മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമനാണ്. അദാനി ഒമ്പതാമതുമാണ്. ഇന്ത്യയിൽ ഏറ്റവും വലിയ സമ്പന്നനായിരിക്കേ അംബാനി ഏഷ്യയിലെ വലിയ ധനാഢ്യനുമാണ്. ഫോർബ്സ് റിയൽ ടൈം ബില്യണേഴ്സ് ലിസ്റ്റ് പ്രകാരം മുകേഷ് അംബാനി ലോക സമ്പന്നരിൽ ആറാമതാണ്. 104.3 ബില്യൺ ഡോളറാണ് വരുമാനം. ഇതേ ലിസ്റ്റ് പ്രകാരം 100.3 ബില്യൺ ഡോളർ വരുമാനമുള്ള അദാനി ഒമ്പതാമതാണ്. 2021-22 വരെയുള്ള സാമ്പത്തിക വർഷത്തിൽ റിലയൻസ് 60,705 കോടിയുടെ മെത്ത വരുമാനമാണ് നേടിയിരുന്നത്.

മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി 2022 ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു. അന്ന് ഗൗതം അദാനിയുടെ ആസ്തി 8,850 കോടി ഡോളറായി ഉയർന്നു. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുണ്ടായിരുന്നത്.


Mukesh Ambani resigns from JIO Board His son Aakash Ambani was made chairman

Similar Posts