ഒരു വാട്സ്ആപ്പിൽ രണ്ട് അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി
|അധികം വൈകാതെ വാട്സ്ആപ്പ് 'വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ' അവതരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരു വാട്സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഈ അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം. രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ഉണ്ടാകും. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള് എത്തിയിട്ടുണ്ട്. താമസിയാതെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭ്യമാകും.
നിലവില്‍ രണ്ട് സിം കാര്ഡുകളുണ്ടെങ്കില് വാട്സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും ലോഗിന്‍ ചെയ്യാറുള്ളത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം തന്നെ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി വിവിധ ഫീച്ചറുകളുമായി രംഗത്തെത്തുകയാണ് വാട്സ്ആപ്പ്. അധികം വൈകാതെ വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ അവതരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടും കൂടുതൽ സൗകര്യപ്രദം എന്നതുകൊണ്ടും നിരവധി പേർ വാട്സ്ആപ്പ് വഴി വോയിസ് നോട്ടുകൾ അയക്കാറുണ്ട്. എന്നാൽ, വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അയയ്ക്കുന്ന വോയിസ് മെസേജുകൾ അത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കേൾക്കാൻ സാധിക്കൂ. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല. ഇത് റെക്കോഡ് ചെയ്യാനും കഴിയില്ലെന്നാണ് പറയപ്പെടുന്നത്. നിലവിൽ വാട്സ്ആപ്പിൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും അയക്കാൻ സാധിക്കും.