മസ്‌കിന്റെ സ്‌പേസ് എക്‌സ് 2.2 മില്ല്യൺ ഡോളറിന് പാരച്യൂട്ട് കമ്പനിയെ ഏറ്റെടുത്തു
|പ്രമുഖ പാരച്യൂട്ട് നിർമാതാക്കളായ പയനീർ എയറോ സ്‌പേസിനെയാണ് സ്പേസ് എക്സ് ഏറ്റെടുത്തത്
പ്രമുഖ പാരച്യൂട്ട് നിർമാതാക്കളായ പയനീർ എയറോ സ്‌പേസ് കമ്പനിയെ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. 2.2 മില്ല്യൺ ഡോളറിനാണ് മസ്‌ക് കമ്പനി സ്വന്തമാക്കുന്നത്. ഫ്‌ലോറിഡയിലുള്ള പയനീർ എയറോസ്‌പേസിന്റെ മാത്യകമ്പനി പാപ്പരത്തത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് മസ്‌ക് കമ്പനി ഏറ്റെടുക്കുന്നത്.
2021ൽ ഉപഗ്രഹ നിർമാണ കമ്പനിയായ സ്വാം എറ്റെടുത്തതിന് പിന്നാലെ സ്‌പേസ് എക്‌സ് ഏറ്റെടുക്കുന്ന കമ്പനി കൂടിയാണ് പയനീർ. 1938ൽ പ്രവർത്തനമാരംഭിച്ച പയനീർ എയറോ സ്‌പേസ് നാസയുടെയും സ്‌പേസ് എക്‌സിന്റെയും വിവിധ മിഷനുകളിൽ ഡ്രഗ് ച്യൂട്ടുകൾ നിർമിച്ചു നൽകുന്ന കമ്പനിയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മിഷനുകളും ഇതിൽപ്പെടും.
ഉയർന്ന വേഗതക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന വളരെ സങ്കീർണ്ണമായ പാരച്യൂട്ടുകളാണ് ഡ്രഗ് ച്യൂട്ടുകൾ. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള പേടകങ്ങളുടെ ലാൻഡിംഗ് വേഗത കുറക്കാനും പേടകത്തെ സ്ഥിരപ്പെടുത്താനുമാണ് ഡ്രഗ് ച്യൂട്ടുകൾ ഉപയോഗിക്കുന്നത്. സ്റ്റാർഷിപ്പ് റോക്കറ്റുകളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനുള്ള പദ്ധതികളും പരീക്ഷിക്കുന്നതിനിടയിലാണ് സ്‌പേസ് എക്‌സിന്റെ പുതിയ നടപടി.