Tech
നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് പങ്കുവച്ചാൽ ഇനി പണികിട്ടും; ജനുവരി മുതൽ കടുത്ത നടപടികൾ
Tech

നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് പങ്കുവച്ചാൽ ഇനി 'പണികിട്ടും'; ജനുവരി മുതൽ കടുത്ത നടപടികൾ

Web Desk
|
23 Dec 2022 8:39 AM GMT

പാസ്‌വേഡ് പങ്കുവയ്ക്കുന്നവർ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരും

ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്‌ളിക്‌സ്. എന്നാൽ, മറ്റ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ പോലെത്തന്നെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കുമെല്ലാം പാസ്‌വേഡ് പങ്കുവയ്ക്കുന്ന ശീലം നെറ്റ്ഫ്‌ളിക്‌സ് വരിക്കാർക്കിടയിലുമുണ്ട്. എന്നാൽ, അത്തരക്കാർക്ക് കമ്പനിയുടെ പണിവരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പാസ്‌വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കൾ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ബ്രിട്ടനിലെ ഇന്റലക്ച്വൽ പ്രോപർട്ടി ഓഫിസ്(ഐ.പി.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. 'രണ്ടാംതര പകർപ്പവകാശ ലംഘനം' ആയി പാസ്‌വേഡ് ഷെയറിങ്ങിനെ കണക്കാക്കുമെന്ന് ഐ.പി.ഒ സൂചിപ്പിച്ചു.

ഇന്റർനെറ്റിലുള്ള ചിത്രങ്ങൾ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും സിനിമകളും ടെലിവിഷൻ സീരീസുകളും തത്സമയ കായിക മത്സരങ്ങളുമെല്ലാം സബ്‌സ്‌ക്രിപ്ഷനില്ലാതെ സ്വന്തമാക്കുന്നത് പകർപ്പാവകാശ ലംഘനമായി കണക്കാക്കും. ഇതിനെ കുറ്റകൃത്യമായി ഗണിച്ച് നടപടി നേരിടേണ്ടിവരുമെന്നും ഐ.പി.ഒ പുറത്തിറക്കിയ മാർഗനിർദേശത്തിൽ സൂചിപ്പിച്ചു.

അടുത്ത വർഷം ആദ്യംമുതൽ പാസ്‌വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകൾക്ക് പാസ്‌വേഡ് പങ്കുവയ്ക്കുന്നവർക്കെതിരെ കമ്പനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാർ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടും നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിരുന്നു.

Summary: Netflix plans to put an end to password-sharing feature

Similar Posts