ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലേ; ഗൂഗിൾ ക്രോം എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്ര ഏജൻസി
|ഗൂഗിൾ ക്രോം ബ്രൗസറിന്റെ വിവിധ പതിപ്പുകളിൽ ഒട്ടേറെ പിഴവുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിർദേശം
ഗൂഗിൾ ക്രോം ബ്രൗസറിന്റെ വിവിധ പതിപ്പുകളിൽ ഒട്ടേറെ പിഴവുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇതുവരെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോം ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്രസർക്കാർ ഏജൻസിയുടെ നിർദേശം. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് നിർദേശിച്ചത്.
ഫിഷിങ്, ഡാറ്റാ ചോർച്ച, മാൽവെയർ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർബന്ധമായും ക്രോം അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചത്. ലിനക്‌സ്, മാക് ഒ.എസുകളിൽ 115.0.5790.170-ന് മുൻപുള്ള ക്രോം പതിപ്പുകളും വിൻഡോസിൽ 115.0.5790.170/.171-ന് മുൻപുള്ള പതിപ്പുകളുമാണ് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യേണ്ടത്.
ക്രോം ബ്രൗസറിനായി പ്രതിവാര സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ തുടങ്ങുമെന്ന് ഗൂഗിൾ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതുവരെ രണ്ടാഴ്ച കൂടുമ്പോഴായിരുന്നു സുരഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരുന്നത്. സാധാരണ രീതിയിൽ ക്രോം ബ്രൗസറിൽ ഓട്ടോ അപ്‌ഡേറ്റുകളുണ്ടാകും എന്നാൽ സെറ്റിങ്‌സിൽ എന്തെങ്കിലും മാറ്റം വന്നാൽ ഓട്ടോ അപ്‌ഡേറ്റാവില്ല.
അപ്‌ഡേറ്റായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ക്രേം ബ്രൗസർ തുറന്ന് വലത് കോണിലുള്ള മുന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെറ്റിങ്‌സ് ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന പേജിൽ ഇടതുവശത്തുള്ള എബൗട്ട് ക്രോം ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജിൽ ബ്രൗസർ അപ്‌ഡേറ്റായിട്ടുണ്ടോ എന്ന് പരിശോധിക്കാം അപ്‌ഡേറ്റായില്ലെങ്കിൽ ഇവിടെ നിന്നും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.