ഇനി ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട് ഡീലീറ്റ് ചെയ്യാം
|ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേരിയാണ് പുതിയ അപ്ഡേറ്റ് പങ്കുവെച്ചത്
ത്രെഡ്സ് ആവതരിപ്പിച്ചപ്പോൾ ചാടി കയറി അക്കൗണ്ട് ക്രിയേറ്റ് ചെയ്തവരാണ് നമ്മളിൽ പലരും. എന്നാൽ അത് വേണ്ടെന്നുവെക്കാൻ വിചാരിപ്പപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീലീറ്റ് ചെയ്യാതെ ത്രെഡ്സ് അക്കൗണ്ട് ഡീലീറ്റ് ചെയ്യാൻ സാധിക്കില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. എന്നാൽ ഇപ്പോ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഡീലീറ്റ് ചെയ്യാതെ ത്രെഡ്സിലെ അക്കൗണ്ട് ഇല്ലാതാക്കാൻ സാധിക്കും.
ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേരിയാണ് ഇതു സംബന്ധിച്ച അപ്ഡേറ്റ് പങ്കുവെച്ചത്. കൂടുതൽ നിയന്ത്രണം വേണമെന്നുള്ള ഉപയോക്താക്കളുടെ നിർദേശത്തെ തുടർന്നാണ് പുതിയ തീരുമാനം. അതേസമയം ത്രെഡ്സുകൾ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷ്യപ്പെടുന്നത് നിയന്ത്രിക്കാനുള്ള സൗകര്യവും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്.
ത്രെഡ്സ് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ
ഫോണിൽ തെഡ്സ് ആപ്പ് തുറന്ന് താഴെ വലതു വശത്തുള്ള പ്രൊഫൈൽ ബട്ടണിൽ ടാപ്പുചെയ്തശേഷം സ്ക്രീനിന്റെ മുകളിൽ വലതുവശത്ത് കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സ് തെരഞ്ഞെടുക്കുക. ഇതിൽ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ പ്രൊഫൈൽ നിർജ്ജീവമാക്കുക എന്ന പുതിയ ഓപ്ഷൻ കാണാൻ സാധിക്കും. ഡീലീറ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിലൂടെ ലിങ്ക് ചെയ്തിട്ടുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ബാധിക്കാതെ ത്രെഡ്സ് അക്കൗണ്ട് ഇല്ലാതാക്കാനാകും.
അതേസമയം 'ഡീആക്ടിവേറ്റ് പ്രൊഫൈൽ' ഓപ്ഷൻ തെരഞ്ഞെടുത്താൽ ഉപയോക്താവിന്റെ പ്ലാറ്റ്ഫോമിലുള്ള പോസ്റ്റുകളും ലൈക്കുകളും ഫോളേവേഴ്സുമെല്ലാം ഡിലീറ്റ് ചെയ്യില്ല. എന്നാൽ ഇതേസമയം മറ്റു ഉപയോക്താക്കൾ ഇത് കാണാൻ സാധിക്കില്ല. ഇനി ഉപയോക്താവിന് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നു തോന്നിയാൽ യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കും.