Tech
ഒരു മാസം ഫേസ്ബുക്ക് നടപടിയെടുത്തത് 3.2 കോടി പോസ്റ്റിനെതിരെ
Tech

ഒരു മാസം ഫേസ്ബുക്ക് നടപടിയെടുത്തത് 3.2 കോടി പോസ്റ്റിനെതിരെ

Web Desk
|
3 Oct 2021 11:32 AM GMT

അക്രമാസക്ത ഉള്ളടക്കമായതിനാൽ 26 ലക്ഷവും നഗ്നതയും ലൈംഗികതയുമുള്ളതിനാൽ 20 ലക്ഷവും പോസ്റ്റുകൾ നീക്കി

സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് ഒരു മാസത്തിൽ മാത്രം നടപടിയെടുത്തത് 3.2 കോടി പോസ്റ്റുകൾക്കെതിരെ. ഫേസ്ബുക്ക് പുറത്തുവിട്ട 2021 ആഗസ്തിലെ കപ്ലൈൻഡ്‌സ് റിപ്പോർട്ടാണ് വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 22 ലക്ഷം പോസ്റ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചു. മൊബൈൽ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ വാടസ്ആപ്പ് 20.7 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗസ്ത് ഒന്ന് മുതൽ 31 വരെയായി ഇന്ത്യൻ പരാതി പരിഹാര സംവിധാനത്തിലൂടെ 904 ഉപഭോക്തൃ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും 754 കേസുകൾ പരിഹരിക്കാൻ ടൂളുകൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് നിയന്ത്രിച്ച വിവിധ ഉള്ളടക്കങ്ങളും എണ്ണവും:

  • സ്പാം അടങ്ങുന്ന ഉള്ളടക്കം: 2.6 കോടി
  • അക്രമാസക്തവും ഗ്രാഫികും അടങ്ങുന്ന ഉള്ളടക്കം: 26 ലക്ഷം
  • അഡൽട്ട് നഗ്നതയും ലൈംഗികതയുമുള്ള ഉള്ളടക്കം: 20 ലക്ഷം
  • വിദ്വേഷ പ്രസംഗം: 2.4 ലക്ഷം
  • ബുള്ളിയിങ്ങും അപഹസിക്കലുമടക്കമുള്ള മറ്റു ഉള്ളടക്കങ്ങൾ: 90,400
  • ആത്മഹത്യയും സ്വയം മുറിവേൽപ്പിക്കലും: 6.7 ലക്ഷം
  • ഭീകര സംഘടന, വ്യക്തികൾ, തീവ്രവാദ അജണ്ട: 2.7 ലക്ഷം
  • സംഘടിത ഭീകരപ്രവർത്തനം:31,൬൦൦

വാട്സ്ആപ്പ് ബാൻ എന്തിന്? എങ്ങനെ?

ഇരുപത് ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് ഓഗസ്റ്റിൽ മാത്രം വാട്സ്ആപ്പ് ബാൻ ചെയ്തത്. ദുരുപയോഗം തടയാനാണ് നിരോധനമെന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. 46 ദിവസത്തിനുള്ളിൽ മുപ്പത് ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരാതി ചാനലുകളിലൂടെ (ഗ്രീവൻസ് ചാനൽ) ലഭിക്കുന്ന റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്.

20,70,000 വാട്സ്ആപ്പ് ആക്കൗണ്ടുകൾ നിരോധിച്ചതിനുള്ള പ്രധാന കാരണം ബൾക്ക് മെസ്സേജുകളുടെ അനധികൃത ഉപയോഗമാണ്. പ്ലാറ്റ്ഫോമിലെ മോശം പെരുമാറ്റം തടയാൻ ആപ്പ് ടൂൾസും റിസോഴ്സും ഉപയോഗിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അതിന്റെ സപ്പോർട്ടിങ് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലെ മോശം പ്രവണതകൾ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വയം പ്രതിരോധ നടപടികളും പരാമർശിക്കുന്നു.

ദുരുപയോഗം കണ്ടെത്തുന്നത് എങ്ങനെ?

മൂന്ന് ഘട്ടങ്ങളിലാണ് അക്കൗണ്ടിന്റെ ദുരുപയോഗം കണ്ടെത്തുന്നത്. രജിസ്ട്രേഷൻ, മെസേജിങ്, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോർട്ടുകളും ബ്ലോക്കുകളും. ഇക്കാര്യങ്ങൾ പരിശോധിച്ച് അക്കൗണ്ടുകൾ ബാൻ ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുന്നു. സന്ദേശങ്ങൾ അയക്കുന്നതിന്റേയുംഒരു മെസ്സേജ് തന്നെ നിരവധി പേർക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോർഡ് വാട്സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.

ബാൻ ലഭിക്കാതിരിക്കാൻ എന്ത് ചെയ്യണം?

ബാൻ ലഭിക്കാതിരിക്കാനായി വാട്സ്ആപ്പ് അക്കൗണ്ട് ബിസിനസ് കാര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക. ബൾക്ക് മെസ്സേജുകൾ അയക്കാതിരിക്കുക. വാട്സ്ആപ്പ് കോൺടാക്ടുകളുടെ സുരക്ഷയെ തന്നെ ഇല്ലാതാക്കുന്ന വാട്സ്ആപ്പിന്റെ പേരിലുള്ള കൂടുതൽ ഫീച്ചറുകൾ നൽകുന്ന ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.

അതേസമയം, വാട്സ്ആപ്പ് പേ സേവനങ്ങൾ ലഭ്യമായവർക്ക് ഇനി എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാം. ഇതിനായി ബാങ്ക് ആക്കൗണ്ട് വഴി വാട്സ്ആപ്പ് ബന്ധിപ്പിച്ചാൽ മതി. കഴിഞ്ഞ വർഷം മുതൽ വാട്സ്ആപ്പ് പേ ഇന്ത്യയിൽ പേയ്മെന്റ് സേവനങ്ങൾ നൽകിയിരുന്നു. ക്യൂആർ കോഡ് സ്‌കാൻ ചെയ്തും പെയ്മെന്റ് നൽകാനുള്ള സൗകര്യവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ രണ്ട് കോടി സ്റ്റോറുകളിൽ ഈ സേവനം ഉടൻ ലഭ്യമാകും. വരുന്ന ആഴ്ച മുതൽ രൂപയുടെ ചിഹ്നം വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് കാണാൻ കഴിയും.

Similar Posts