Tech
പേടിഎം ആപ്പ് ഫെബ്രുവരി 29ന് ശേഷം പ്രവർത്തിക്കില്ലേ...? ആർ.ബി.ഐ വിലക്ക് എങ്ങനെ ബാധിക്കും?; വിശദീകരണവുമായി കമ്പനി
Tech

പേടിഎം ആപ്പ് ഫെബ്രുവരി 29ന് ശേഷം പ്രവർത്തിക്കില്ലേ...? ആർ.ബി.ഐ വിലക്ക് എങ്ങനെ ബാധിക്കും?; വിശദീകരണവുമായി കമ്പനി

Web Desk
|
2 Feb 2024 2:46 PM GMT

2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനായിരുന്നു ആർ.ബി.ഐ നിർദേശം.

പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് (ആർ.ബി.ഐ) ഉത്തരവിറക്കിയത്. 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനാണ് ആർ.ബി.ഐ നിർദേശം. എല്ലാവിധ പണമിടപാടുകളും ഡിജിറ്റലായി മാറിയ കാലത്ത് ഇന്ത്യയിൽ കോടിക്കണക്കിനാളുകൾ ആശ്രയിക്കുന്ന യു.പി.ഐ ആപ്പാണ് പേടിഎം. ആർ.ബി.ഐയുടെ വിലക്ക് പേടിഎം ആപ്പ് പ്രവർത്തനരഹിതമാക്കുമോ? ഉപയോക്താക്കൾക്ക് ഇനി ആപ്പ് ഉപയോഗിക്കാൻ കഴിയില്ലേ? ഇത്തരം സംശയങ്ങൾക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍.

2024 ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ആർ.ബി.ഐ മുന്നോട്ടുവെച്ചത്. എന്നാൽ, പേടിഎം യൂസർമാർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്ഥാപകൻ വിജയ് ശേഖര്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. പേടിഎം ഉപയോക്താക്കൾക്ക് അഭിവാദ്യമർപ്പിച്ച അദ്ദേഹം എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒ.സി.എല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാൻ കഴിയില്ലെങ്കിലും നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും തടസമുണ്ടാകില്ല.

എന്നാൽ, പേടിഎം പേയ്മെന്റ്സ് ബാങ്കിലൂടെ ഇടപാടുകളൊന്നും സാധ്യമാകില്ല. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ യു.പി.ഐ അഡ്രസുള്ളവർക്ക് യു.പി.ഐ ഇടപാടുകൾ നടത്താൻ കഴിയില്ല. എന്നാൽ, മറ്റുള്ള ബാങ്കിന്റെ യു.പി.ഐ ഐഡികൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുണ്ടെന്ന എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്.

Similar Posts