ഫോട്ടോകളെ ഇനി റീലുകൾക്കും സ്റ്റോറികൾക്കുമുള്ള സ്റ്റിക്കറുകളാക്കി മാറ്റാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
|ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരിയാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ബ്രോഡ്കാസ്റ്റിംഗ് ചാനലിലൂടെ പങ്കുവെച്ചത്
പുതിയ സ്റ്റിക്കർ ക്രിയേഷൻ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം തങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് റീൽസിലും സ്‌റ്റോറിയിലും ഉപയോഗിക്കാമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരിയാണ് ഇക്കാര്യം അറിയിച്ചത്. 'നിങ്ങളുടെ ഫോട്ടോകൾ ഇഷ്ടാനുസരണം സ്റ്റിക്കറുകളാക്കി മാറ്റാൻ സാധിക്കുന്ന ഒരു ഫീച്ചർ ഞങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ചു ഇൻസ്റ്റഗ്രാമിലെ ചില തിരഞ്ഞെടുത്ത ഫോട്ടോകളുപയാഗിച്ചും സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാം' എന്ന് ആദം ബ്രോഡ്കാസ്റ്റിംഗ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.
പുതിയ ഫീച്ചർ ഒരു ഫോട്ടോയിൽ നിന്ന് സബ്‌ജെക്ടിനെ തിരഞ്ഞെടുത്ത് പശ്ചാത്തലം നീക്കി ഏത് ഉള്ളടക്കത്തിന് മുകളിലും സ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ ഫ്രീ-ഫ്‌ലോട്ടിംഗ് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യും. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവുകയില്ല. അടുത്തിടെ കമന്റുകളിൽ പോൾ സംവിധാനം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഫീഡുകളുടെയും റീൽസുകളുടെയും കമന്റ് സെക്ഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക. എന്നാൽ ചില ഉപയോക്താക്കൾക്ക് മാത്രമേ നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നുള്ളു.