സ്വന്തം പേരിൽ യൂണിവേഴ്‌സിറ്റി, വിദ്യാർത്ഥികൾക്കായി സ്കൂൾ; മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഇലോൺ മസ്ക്
|തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
സ്വന്തമായി സർവകലാശാല തുടങ്ങാൻ ഒരുങ്ങുകയാണ് എക്സ് തലവൻ ഇലോൺ മസ്ക്. സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ചുവടുവെപ്പ് നടത്തി വിജയം കണ്ടതിന് ശേഷമാണ് പുതിയ നീക്കം. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നത്.
യൂണിവേഴ്‌സിറ്റി മാത്രമല്ല, വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി 'ദി ഫൗണ്ടേഷന്‍' എന്ന ചാരിറ്റി സ്ഥാപനത്തിന് 10 ലക്ഷം കോടി ഡോളര്‍ മസ്‌ക് സംഭാവനയായി നൽകി. സയൻസ്, എഞ്ചിനീയറിങ്, ടെക്‌നോളജി, മാത്‍സ് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നൽകുന്ന സർവകലാശാലകളിലേക്ക് വിപുലീകരിക്കാനാണ് പദ്ധതി. സതേണ്‍ കോളേജ് അസോസിയേഷനില്‍ നിന്നും സ്‌കൂള്‍ കമ്മീഷനില്‍ നിന്നും അക്രഡിറ്റേഷനായി അപേക്ഷിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അടക്കം നിരവധി ആനുകൂല്യങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 2014 ല്‍ തന്റെ മക്കള്‍ക്കും തന്റെ കമ്പനി ജീവനക്കാരുടെ മക്കള്‍ക്കും പഠിക്കുന്നതിനായി ആഡ് അസ്ട്ര എന്ന ചെറിയ സ്വകാര്യ സ്‌കൂളിന് മസ്ക് തുടക്കമിട്ടിരുന്നു. ആഡ് ആസ്ട്രയിൽ വിദ്യാർത്ഥികളുടെ ഗ്രേഡുകൾക്കല്ല പകരം അവരുടെ അഭിരുചികളിലും കഴിവുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി യുഎസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ അർത്ഥവത്തായ അധഃപതനമാണ് ഉണ്ടായിരുന്നതെന്ന് മസ്‌ക് തിങ്കളാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സ്വന്തമായി യൂണിവേഴ്‌സിറ്റി തുടങ്ങാൻ മസ്ക് പദ്ധതിയിടുന്നതായുള്ള ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.